കൊച്ചി: ലക്ഷദ്വീപിൽ കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലും അഗത്തി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയിലും ഓക്സിജൻ പ്ളാന്റുകൾ ഈ മാസം പ്രവർത്തനം തുടങ്ങും. ദ്വീപിലെ ആദ്യത്തെ ഓക്സിജൻ പ്ളാന്റുകളാണിത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പ്ളാന്റുകൾ സ്ഥാപിക്കുന്നത്. മിനിക്കോയി ഗവൺമെന്റ് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് നിർമ്മാണം ഉടൻ തുടങ്ങും.
കവരത്തി, അഗത്തി, മിനിക്കോയി എന്നിവിടങ്ങളിലാണ് ആശുപത്രികളുള്ളത്. കവരത്തിയിൽ പുതിയ ആശുപത്രി നിർമ്മിക്കാനുള്ള നടപടി ആരംഭിച്ചെങ്കിലും കൊവിഡിനെ തുടർന്ന് നിറുത്തിവച്ചു. അഗത്തിയിലെ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ സമീപത്തെ സർക്കാർ, സ്വകാര്യഭൂമികൾ ഏറ്റെടുക്കുമെന്ന്
ലക്ഷദ്വീപ് മെഡിക്കൽ ഡയറക്ടർ ഡോ. സൗദാബി അറിയിച്ചു.