തൃക്കാക്കര: നഗരസഭയിലെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ ഡെങ്കിപ്പനി റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി നഗരസഭ. പത്ത് ഹോട്ട്സ്‌പോട്ടുകളിൽ പ്രത്യേക പരിഗണന നൽകി വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
ആരോഗ്യബോധവത്കരണം തുടങ്ങി
ജില്ലാ ആരോഗ്യവിഭാഗം സൂപ്പർവൈസർ ശിവൻ, ജനിതകുമാരി, ഷെരീഫ എന്നിവർ ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളും വീടുകളിലുമെത്തി നിരീക്ഷിച്ചു. ഡെങ്കിപ്പനി പരത്തുന്ന ഉറവിടത്തിൽ നിന്ന് വെള്ളമെടുത്ത് പരിശോധിച്ചതിൽ കൊതുകുകളുടെ ലാർവകൾ കണ്ടെത്തി. വെള്ളം തങ്ങിനിൽക്കുന്ന പാത്രങ്ങളും ചിരട്ടകളും മറ്റും നീക്കംചെയ്തു. പരിസര ശുചീകരണവും കൊതുകുകളുടെ ലാർവകളെ നശിപ്പിക്കേണ്ടതു സംബന്ധിച്ചും ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്. ആശാവർക്കാർക്കാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
രണ്ടുപേർക്ക് ഡെങ്കിപ്പനി, കൊവിഡിന് ശമനം
തൃക്കാക്കര പ്രാഥമികാരോഗ്യത്തിന്റെ പരിധിയിൽ രണ്ടുപേരാണ്ട് ഡെങ്കിപ്പനി പിടിപെട്ട് ചികിത്സയിലുളളത്. ആരോഗ്യ വിഭാഗത്തിന്റെ റിപ്പോർട്ടനുസരിച്ച് ജില്ലയിൽ ഡെങ്കിപ്പനി കൂടുതലായിട്ടുള്ളത് പൊന്നുരുന്നി, ചളിക്കവട്ടം എന്നിവിടങ്ങളിലാണ്. ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായിരുന്നത് തൃക്കാക്കരയിലായിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമായ കഴിഞ്ഞമാസം അവസാനത്തോടെ കൊവിഡ് വ്യാപനത്തിൽ വളരെ കുറവുവന്നു. തൃക്കാക്കരയിൽ മുന്നൂറിലേറെപ്പേർക്ക് രോഗം റിപ്പോർട്ട് ചെയ്തിരുന്നത് തിങ്കളാഴ്ച 51 ആയി കുറഞ്ഞു. അപ്പോഴാണ് ഡെങ്കിപ്പനിയുടെ വരവ്.