കിഴക്കമ്പലം: ലോക്ക് ഡൗണിലും ലോക്കില്ലാതെ പെരുകുന്ന ഒച്ച് കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട്, ചൂരക്കോട് നിവാസികളുടെ ഉറക്കം കെടുത്തുന്നു. രാത്രി കിടക്കുന്നതിനു മുമ്പ് കണ്ട ചെടിയും, പച്ചക്കറികളും നേരം വെളുക്കുമ്പോൾ ഒച്ച് തിന്നു തീർക്കുന്നു. ഒച്ചുകളുടെ കൂട്ടായ അക്രമത്തിൽ ഇനി തിന്നു തീരാൻ പച്ചയായ ഒന്നും തന്നെയില്ല. മഴ തുടങ്ങിയതോടെ ഇവയുടെ ആക്രമണവും കൂടി. വാഴ, ജാതി,തെങ്ങ് തുടങ്ങിയവയുടെ തളിരിലകളാണ് ഒച്ചു നോട്ടമിടുന്നത്. ഒച്ചിന്റെ ആക്രമണം കഴിഞ്ഞാൽ വിളകൾ വാടും.ഉപ്പ് ആയുധമാണെങ്കിലും ഒച്ചിനെ ഒന്നാകെ തുരുത്താനുള്ള ഒരു വഴിയും തുറക്കുന്നില്ല. പകൽ സമയങ്ങളിൽ മരങ്ങളിലും ഇലകൾക്കടിയിലും പറ്റി പിടിച്ചിരിക്കുന്ന ഒച്ച് രാത്രിയാണ് തീറ്റ തേടി ഇറങ്ങുന്നത്. മഴ വീണ് ഭൂമി തണുക്കുന്നതോടെയാണ് ഇവ ഇത്രയധികംരംഗത്തിറങ്ങിയത്.
പരാതികൾ നൽകിയിട്ടും രക്ഷയില്ല
മുൻ വർഷങ്ങളേക്കാൾ കൂടുതലായാണ് ഇക്കുറി ഒച്ചിറങ്ങിയിരിക്കുന്നത്. ആറു മാസം കൊണ്ട് പ്രായപൂർത്തിയാകുന്ന ഒരൊച്ച് മാസങ്ങളുടെ വ്യത്യാസത്തിൽ ആയിരം മുട്ടകളെങ്കിലും ഇടും. ഇതിൽ തൊണ്ണൂറു ശതമാനവും വിരിയും. ഈ കാലാവസ്ഥയിലാണ് മുട്ടയിട്ടു വിരിയുന്നത്. നാട്ടുകാർ കൃഷി ഭവനിൽ അടക്കം നിരവധി പരാതികൾ നൽകിയെങ്കിലും ഇതു വരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല.
ഒച്ചിനെ പിടിക്കാം
നനഞ്ഞ ചണ ചാക്കിൽ കെണി വച്ച് പിടിക്കാം. കാബേജിന്റെ പുറം തൊലി, കാരറ്റ്, കോളിഫ്‌ളവർ ഇല തുടങ്ങിയ പച്ചക്കറി മാലിന്യങ്ങൾ നനഞ്ഞ ചാക്കിൽ ഇട്ട ശേഷം മറ്റൊരു ചാക്ക് കൊണ്ട് ഇവ മൂടുന്നു. പച്ചക്കറി മാലിന്യത്തിന്റെ ഗന്ധം ആകർഷിച്ച് ഒച്ച് കെണിയിൽ എത്തും. ഇങ്ങനെ വയ്ക്കുന്ന കെണിയിൽ ഒച്ച് വരികയും നനവുള്ളതിനാൽ രാവിലെയും ഇതിൽ നിന്ന് വിട്ടു പോവില്ല. കെണിയിൽ വീണ ഒച്ചിനെ ഉപ്പ് വിതറിയോ കുമ്മായം വിതറിയോ നശിപ്പിക്കാം.
വളമാക്കാം
കൊല്ലം ജില്ലയിലെ എഴുകോണിൽ ഒച്ച് ശല്യം രൂക്ഷമായതോടെ കർഷകർക്ക് സഹായവുമായി ഡോ.അബ്ദുൾ കലാം ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി രംഗത്തെത്തിയിരുന്നു. ശേഖരിക്കുന്ന വലിപ്പമുള്ള ഒച്ച് ഒന്നിന് മൂന്നുരൂപ വീതം കർഷകർക്ക് നൽകി വാങ്ങി വളമാക്കി മാറ്റുകയാണ്. ആഫ്രിക്കൻ ഒച്ചിന്റെ പുറംതോട് കാൽസ്യം അടങ്ങിയതാണ്. ബാക്കിയുള്ള ഭാഗം പ്രോട്ടീനുമാണ്. ഇതാണ് വളമാക്കുന്നത്.