കൊച്ചി: കെ.എസ്.ഇ.ബിയുടെ ഇടപ്പള്ളി സെക്ഷൻ ഓഫീസ് പാലാരിവട്ടത്തേയ്ക്ക് മാറ്റാനുള്ള തീരുമാനം വിവാദത്തിൽ. പുതിയ ഓഫീസിലേക്ക് ദൂരക്കൂടുതലായതിനാൽ ഇടപ്പള്ളി, കുന്നുംപുറം, ബ്രഹ്മസ്ഥാനം, പോണേക്കര, മാക്കപ്പറമ്പ് പ്രദേശങ്ങളിലെ താമസക്കാർക്കാർക്ക് തീരുമാനത്തിൽ അമർഷമുണ്ട്. മേയർ അഡ്വ.എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, പി.ടി. തോമസ്, കൗൺസിലർമാർ എന്നിവരും എതിർപ്പുമായി രംഗത്തുണ്ട്.
രാഷ്‌ട്രിയ മുതലെടുപ്പെന്ന്
ഇടപ്പള്ളി പള്ളിയോട് ചേർന്ന് വിശാലമായ ഓഫീസിൽ പ്രവർത്തിച്ചിരുന്ന സെക്ഷൻ ഓഫീസ് 20 വർഷം മുമ്പാണ് നിലവിലുള്ള കെട്ടിടത്തിന്റെ ഒന്നാംനിലയിലേക്ക് മാറ്റിയത്. 30,000 രൂപയാണ് വാടക. പാർക്കിംഗ് സൗകര്യമില്ല, സാധനങ്ങൾ സൂക്ഷിക്കാൻ ഇടമില്ല, ലൈൻമാൻമാർ ഉൾപ്പെടെയുള്ളവർക്ക് വിശ്രമിക്കാൻ മാർഗമില്ല. കാഷ് കൗണ്ടർ ഒന്നാംനിലയിലായത് മുതിർന്ന പൗരൻമാരെ വലയ്ക്കുന്നു തുടങ്ങിയ പരാതികൾ നീണ്ടപ്പോഴാണ് പാലാരിവട്ടം മെട്രോ സ്റ്റേഷനോട് ചേർന്നുള്ള കെ.എസ്.ഇ.ബിയുടെ സ്വന്തംസ്ഥലത്ത് കെട്ടിടം പണിയാൻ തീരുമാനിച്ചത്. രണ്ടുവർഷം മുമ്പ് നിർമ്മാണം തുടങ്ങി. റെക്കാഡ് സമയത്തിനുള്ളിൽ പൂർത്തിയായി. ഒരു കോടി രൂപയാണ് നിർമ്മാണച്ചലവ്. തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ ഓഫീസിന്റെ ഉദ്ഘാടനവും നടന്നു. ചീഫ് എൻജിനിയർ ഉൾപ്പെടെയുള്ള മുതിർന്ന ഓഫീസർമാർ അങ്ങോട്ടുമാറി. തറക്കല്ലിടൽ ചടങ്ങുമുതൽ ഒപ്പംനിന്ന ജനപ്രതിനിധികൾ അവസാന നിമിഷത്തിൽ എതിർപക്ഷത്തെത്തിയത് അധികൃതർക്ക് ക്ഷീണമായി.
പഴയ കെ.എസ്.ഇ.ബിയല്ല
ഇടപ്പള്ളി സെക്ഷനിലെ 75 ശതമാനം ഉപഭോക്താക്കൾ ഓൺലൈനായാണ് ബില്ലടയ്ക്കുന്നത്.
വൈദ്യുതിത്തകരാർ പരാതി ലഭിച്ചാൽ ആവശ്യമായ സാധനങ്ങളെടുക്കുന്നതിന് ഇപ്പോൾ ആദ്യം പാലാരിവട്ടത്തേയ്ക്ക് പോകണം. ഓഫീസ് മാറുമ്പോൾ ആ സമയം ലാഭിക്കാം
കാഷ് കൗണ്ടർ താഴത്തെ നിലയിൽ
ആവശ്യത്തിന് പാർക്കിംഗ് സ്ഥലം
ജീവനക്കാർക്ക് വിശ്രമിക്കാനും ഉറങ്ങാനും മുറികൾ
1912 എന്ന നമ്പറിലേക്ക് വിളിച്ചാൽ സേവനം ഉറപ്പ്
ചേരാനല്ലൂരിലേക്ക് മാറ്റണം
കുന്നുംപുറം, അമൃത ആശുപത്രി ഉൾപ്പെടെ ഭാഗങ്ങളെ ചേരാനല്ലൂർ ഓഫീസിന്റെ പരിധിയിലേയ്ക്ക് മാറ്റുന്നത് എട്ടുവർഷം മുമ്പ് പരിഗണിച്ചെങ്കിലും ഒരു വിഭാഗത്തിന്റെ എതിർപ്പിനാൽ പിൻമാറുകയായിരുന്നു. സേവനം ലഭ്യമാക്കുന്നതിൽ കോർപ്പറേഷൻ, പഞ്ചായത്ത് വ്യത്യാസങ്ങളില്ലാത്തതിനാൽ തീരുമാനം പുനപ്പരിശോധിക്കണമെന്നാണ് ആവശ്യം.
വാതിൽപ്പടി സേവനം ലഭ്യമാക്കും
ഇടപ്പള്ളി സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം ജൂലായ് 15 നകം ഒഴിഞ്ഞുകൊടുക്കാതെ നിവൃത്തിയില്ല. കോർപ്പറേഷൻ പേണേക്കര ഭാഗത്ത് മുറി ലഭ്യമാക്കിയാൽ നിശ്ചിതദിവസം വൈദ്യുതിബിൽ ശേഖരിക്കുന്ന കാര്യം പരിഗണിക്കും
സുനിത ജോസ്
എക്സിക്യൂട്ടിവ് എൻജിനിയർ
പുനപ്പരിശോധിക്കണം
കെ.എസ്.ഇ.ബിയുടെ പല കെട്ടിടവും നിലവിൽ വാടകക്കെട്ടിടത്തിലാണ്. ജനങ്ങളുടെ സേവനത്തിനാണ് മുൻഗണന. സെക്ഷൻ ഓഫീസ് ഇടപ്പള്ളിയിൽ നിന്ന് മാറ്റുന്ന തീരുമാനം പുനപ്പരിശോധിക്കണം
ടി.ജെ. വിനോദ് എം.എൽ.എ