lakshadweep

കൊച്ചി: ലക്ഷദ്വീപിൽ ലോക്ക്ഡൗൺ കാലയളവിൽ അരിയും മറ്റു ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യാൻ സ്വീകരിച്ച നടപടികളും നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങളും വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നൽകാൻ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദ്ദേശം നൽകി. 40 ദിവസമായി തുടരുന്ന ലോക്ക് ഡൗൺ മൂലം ദ്വീപിലുള്ളവർ പട്ടിണിയിലാണെന്നു ചൂണ്ടിക്കാട്ടി, സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമിനിദ്വീപ് നിവാസി കെ.കെ. നസിഹ് നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

എന്നാൽ, പട്ടിണിയോ മറ്റു ദുരിതങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒരു പരാതിയും ലക്ഷദ്വീപ് ഭരണകൂടത്തിന് ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. അതിനു മറുപടിയായി, അധികൃതർക്ക് നൽകിയ നിവേദനത്തിന്റെ പകർപ്പ് ഹാജരാക്കാമെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. ഹർജി ജൂൺ 15 നു പരിഗണിക്കാൻ മാറ്റി.

ഒക്ടോബർ വരെ വിതരണം ചെയ്യാനുള്ള അരി ശേഖരമുണ്ടെന്നും ഭക്ഷ്യസാധനങ്ങളുടെ വിതരണത്തിൽ വീഴ്ചയുണ്ടാകാതിരിക്കാൻ നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു.

ലക്ഷദ്വീപ് ഭരണകൂടം പറഞ്ഞത് :

# അർഹരായവർക്ക് പ്രതിമാസം അഞ്ചു കിലോ അരി പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്നയോജന പ്രകാരം സൗജന്യമായി നൽകുന്നു.

# 110 ടൺ അരി വിതരണം ചെയ്യുന്നുണ്ട്.

#പത്തു ദ്വീപുകളിലായി 38,236 പേർക്ക് മേയിൽ സൗജന്യമായി അരി നൽകി.

æ സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നു.

æ കൊവിഡ് സെന്ററുകളിൽ സൗജന്യ ചികിത്സയും ഭക്ഷണവും ഏർപ്പെടുത്തി.