കോലഞ്ചേരി: കുന്നത്തുനാട്ടിലെ സ്കൂൾ കുട്ടികൾക്ക് മാനസിക ആരോഗ്യ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്റെ ഭാഗമായി അതിജീവനം പദ്ധതി നടപ്പാക്കുന്നു. അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിലാണ് പരിപാടി. കൊവിഡ് വ്യാപനം തുടരുന്നതോടെ സ്‌കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികളുടെ ജീവിത ശൈലിയിലും ചര്യകളിലും വന്ന മാറ്റങ്ങൾ പലതരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഇതൊഴിവാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 8 മുതൽ പ്ലസ്ടു വരെയുള്ള ക്ലാസിലെ കുട്ടികൾക്കായാണ് പദ്ധതി. കോലഞ്ചേരി ബി.ആർ.സിയുടെ പരിധിയിൽ വരുന്ന 14 ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. ഇന്ന് മുതൽ 15 വരെ ഫോൺ ഇൻ പരിപാടിയായിൽ തിരുവനന്തപുരം നിംസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബീന (9495124048) ഇന്ന് മുതൽ 14 വരെ വൈകിട്ട് 3.30 മുതൽ 6 വരെയും, മൂവാറ്റുപുഴ ഗവൺമെന്റ് ആശുപത്രിയിലെ കെ.പി.പ്രജിത് (8075574165) 13, 14, 15 തീയതികളിൽ രാവിലെ 11 മുതൽ 12.30 വരെയും ആശയവിനിമയം നടത്തും. പരിപാടിയിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും ആശയ വിനിമയത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഓരോ സ്‌കൂളുകൾക്കും പങ്കെടുക്കേണ്ട സമയക്രമം ബി.ആർ.സി വഴി നൽകുമെന്നും എം.എൽ.എ അറിയിച്ചു.