sugdev
മധ്യപ്രദേശ് പാണ്ഡുവാര സ്വദേശി സുഖ്ദേവ് നാട്ടിലേക്ക് മടങ്ങുന്നതിനായി ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ളാറ്റ് ഫോമിൽ

ആലുവ: മാനസികാസ്വാസ്ഥ്യം ബാധിച്ച നിലയിൽ ആലുവ റെയിൽവേ സ്റ്റേഷനിലെത്തി പരിസരത്തെ ഡ്രൈവർമാരുടെയും കച്ചവടക്കാരുടെയും സഹായത്തോടെ കഴിഞ്ഞിരുന്ന മദ്ധ്യവയസ്കനെ ടാക്സി ഡ്രൈവർമാരും ആർ.പി.എഫും ചേർന്ന് മിടുക്കനാക്കി നാട്ടിലേക്ക് മടക്കി.

മദ്ധ്യപ്രദേശ് പാണ്ഡുവാര സ്വദേശി സുഖ്ദേവിനാണ് (52) ടാക്സി ഡ്രൈവർമാരുടെ സേവനം അനുഗ്രഹമായത്.

ഒന്നരമാസം മുമ്പാണ് മുഷിഞ്ഞ് കൂറകുത്തിയ വേഷത്തിൽ സുഖ്ദേവ് ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയത്. മാനസികാസ്വസ്ഥ്യം ഉണ്ടെങ്കിലും ടാക്സി ഡ്രൈവർമാരുമായി വലിയ ചങ്ങാത്തത്തിലായി. ഹിന്ദി ഗാനങ്ങൾ നന്നായി പാടുന്ന സുഖ്ദേവിന് ഡ്രൈവർമാരും പരിസരത്തെ കച്ചവടക്കാരും ഭക്ഷണം നൽകും. ഇതിനിടയിൽ ഒരാഴ്ചയോളമായി സുഖ്ദേവിനെ കാൺമാനില്ലായിരുന്നു. ഏതെങ്കിലും ട്രെയിനിൽ കയറി പോയിരിക്കുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും ഇന്നലെ രാവിലെ തിരിച്ചെത്തി. വേഷം മുഷിഞ്ഞതായിരുന്നെങ്കിലും മനോനിലയെല്ലാം സാധാരണ നിലയിലായിരുന്നു.

ഇതോടെ റെയിൽവേ സ്റ്റേഷൻ ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ സുഖ്ദേവിന് നാട്ടിലേക്ക് പോകുന്നതിനുള്ള ട്രെയിൻ ടിക്കറ്റെടുത്ത് നൽകി. കുളിപ്പിച്ച് സുന്ദരനാക്കി വസ്ത്രങ്ങളും നൽകി. ബാഗും സംഘടിപ്പിച്ച് ട്രെയിൻ യാത്രയ്ക്കിടയിൽ കഴിക്കുന്നതിനായി ഭക്ഷണവും പാർസലായി വാങ്ങിനൽകി. മദ്ധ്യപ്രദേശിലേക്കുള്ള ട്രെയിൻ ഇല്ലാത്തതിനാൽ നാഗപ്പൂരിലേക്കാണ് ടിക്കറ്റ്. അവിടെനിന്ന് ബസിൽ സുഖ്ദേവ് നാട്ടിലേക്ക് പോകും. സഹായങ്ങൾക്ക് നന്ദിപറഞ്ഞാണ് സുഖ്ദേവ് മടങ്ങിയത്. ടാക്സി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എം.ആർ. അംബുജാക്ഷൻ, ട്രഷറർ ബെന്നി നെല്ലിക്കൽ, കെ.ആർ. ഷൈൻ എന്നിവർ ചേർന്നാണ് സുഖ്ദേവിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുനൽകിയത്.

നാട്ടിൽ ചെറിയൊരുമുറുക്കാൻ കട നടത്തുകയായിരുന്നു ഇയാൾ. ഗുണ്ടാസംഘം വന്ന് അത് തല്ലിപ്പൊളിച്ചപ്പോഴുണ്ടായ മാനസികാസ്വാസ്ഥ്യത്തിൽ നാടുവിടുകയായിരുന്നു. ഭാര്യയും മകനുമുണ്ട്.