കൊച്ചി: ആർ.ടി -പി.സി.ആർ നിരക്ക് സംസ്ഥാന സർക്കാരുകൾക്ക് നിശ്ചയിക്കാമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കിയ ഉത്തരവിനെതിരെ തിരുവനന്തപുരം ദേവി സ്‌കാൻസ് പ്രൈവറ്റ് ലി. നൽകിയ അപ്പീലിലാണ് കേന്ദ്ര സർക്കാർ അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്.
എന്നാൽ സ്വകാര്യ ലാബുകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനാണ് ഐ.സി.എം.ആർ നിർദ്ദേശിച്ചിട്ടുള്ളതെന്നും 500 രൂപ നിരക്കിൽ ടെസ്റ്റ് നടത്തുന്നത് ലാബുകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും ഹർജിക്കാർ വാദിച്ചു. തുടർന്ന് നിരക്ക് നിർണയിക്കുന്നതിൽ കേന്ദ്ര സർക്കാർ വിശദീകരണം രേഖാമൂലം നൽകാൻ നിർദ്ദേശിച്ച് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ ഇന്നു വീണ്ടും പരിഗണിക്കാൻ മാറ്റി.
ആർ.ടി -പി.സി.ആർ നിരക്ക് 1700 രൂപയാക്കിയത് ലാബ് ഉടമകളുമായി ചർച്ച നടത്തിയശേഷമാണ്. എന്നാൽ ഇതു 500 രൂപയാക്കിയത് ഏകപക്ഷീയമായ തീരുമാനമായിരുന്നെന്ന് ഹർജിക്കാർ ആരോപിച്ചു. പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണ കുറുപ്പ് വാദിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിരക്ക് കുറവാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ചും അഭിപ്രായപ്പെട്ടു.