കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കീരംപാറ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരത്തിനായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കീരംപാറ - കാളകടവ് കുടിവെള്ള പദ്ധതി വേഗത്തിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ വ്യക്തമാക്കി.ഇതു സംബന്ധിച്ച ആന്റണി ജോൺ എം.എൽ.എയുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.പ്രസ്തുത പദ്ധതി നടപ്പിലാക്കിയാൽ കീരംപാറ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാവുമെന്നും ആയതിനാൽ പ്രസ്തുത പദ്ധതി വേഗത്തിൽ നടപ്പിലാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.25.18 കോടി രൂപയുടെ പദ്ധതിയാണ് കീരംപാറ - കാളക്കടവ് കുടിവെള്ള പദ്ധതിയെന്നും, പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി എസ്.എൽ.എസ്.എസ്.സി ലിസ്റ്റിൽ ചേർത്ത് ഭരണാനുമതി നൽകുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണെന്നും കൂടാതെ ഗ്രാമ പഞ്ചായത്ത് തല കർമ്മ പദ്ധതി രേഖക്കായി കീരംപാറ പഞ്ചായത്തിലും സമർപ്പിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.ഭരണാനുമതി ലഭ്യമാകുന്ന മുറയ്ക്ക് സാങ്കേതികാനുമതി നൽകി ടെണ്ടർ നടപടികൾ പൂർത്തിയാക്കി വേഗത്തിൽ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി ആന്റണി ജോൺ എം.എൽ.എയെ അറിയിച്ചു.