പറവൂർ: പറവൂർ മേഖലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ചില തദ്ദേശസ്ഥാപനങ്ങൾ പൂർണമായി കണ്ടെയ്ൻമെന്റ് സോണായി തുടരുന്നു. സർക്കാർ പ്രഖ്യാപിച്ച ഇളവുകളോടെ കടകൾ തുറക്കാൻ ഇവിടെ കഴിയുന്നില്ല. രോഗികൾ കൂടുതലുള്ള സ്ഥലങ്ങളിൽ മാത്രം കണ്ടെയ്ൻമെന്റ് സോൺ ഏർപ്പെടുത്തണമെന്നാണ് ആവശ്യം.

പുത്തൻവേലിക്കര, കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളാണ് മേഖലയിൽ പൂർണമായി കണ്ടെയ്ൻമെന്റ് സോണായി തുടരുന്നത്. പുത്തൻവേലിക്കരയിൽ 152, കോട്ടുവള്ളിയിൽ 226, ഏഴിക്കരയിൽ 123, ചിറ്റാറ്റുകരയിൽ 185 എന്നിങ്ങനെയാണ് നിലവിൽ കൊവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം. മുഴുവനായി കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത വരാപ്പുഴയിൽ 218, ചേന്ദമംഗലത്ത് 231, വടക്കേക്കരയിൽ 132, ആലങ്ങാട് 204, കരുമാലൂരിൽ 412, നഗരസഭയിൽ 144 എന്നിങ്ങനെയാണ് കണക്ക്. കണ്ടെയ്ൻമെന്റ് സോണായി തുടരുന്ന പല തദ്ദേശസ്ഥാപനങ്ങളിലും ഉള്ളതിനേക്കാൾ കൂടുതൽ രോഗികൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവായ സ്ഥലങ്ങളിലുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതാണ് പുത്തൻവേലിക്കര, കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര പഞ്ചായത്തുകൾക്കു തിരിച്ചടിയാകുന്നത്. ടി.പി.ആർ ഇരുപത് ശതമാനത്തിൽ താഴെ എത്തിയാലേ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കുകയുള്ളൂ എന്നാണ് അധികൃതർ പറയുന്നത്.