construction

കൊച്ചി: കൊവിഡ് കാലത്തും സംസ്ഥാനത്തെ കെട്ടിട നിർമാണ സാമഗ്രികളുടെ വില കുത്തനെ കൂടി. ഇതോടെ വൻകിട- ചെറുകിട വ്യത്യാസമില്ലാതെ നിർമ്മാണ മേഖല ഒന്നാകെ പ്രതിസന്ധിയിലായി. കോൺട്രാക്ടർമാർക്കും ഗുണഭോക്താക്കൾക്കുമെല്ലാം വലിയ തലവേദനയായി ഈ പ്രശ്നം.

എസ്റ്റിമേറ്റ് തുകയേക്കാൾ കുറഞ്ഞത്​ 10 ശതമാനം വ്യത്യാസം പണി പൂർത്തിയാകുമ്പോഴേക്ക് ഉണ്ടാകുന്നുണ്ട്. ലോക്ക് ഡൗണിനു മുൻപു കരാർ ഒപ്പുവച്ച് ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കണമെങ്കിൽ കൈയിൽനിന്നു പണം മുടക്കേണ്ട അവസ്ഥയിലാണു ചെറുകിട കോൺട്രാക്ടർമാർ.

കല്ല്, സിമന്റ്, മെറ്റൽ, കട്ട, കമ്പി തുടങ്ങി ഇലക്ട്രിക് ആൻഡ് പ്ലംബിംഗ് സാമഗ്രികൾക്ക് വരെ വില ഉയർന്നു. കട്ടിള, ജനൽ ചട്ടക്കൂട് തുടങ്ങിയവയുടെ വിലയും വർദ്ധിച്ചു.


നിലവിലെ വില (ആറ് മാസം മുൻപത്തെ വില ബ്രാക്കറ്റിൽ)

● കല്ല് - 6,000 (5,000)

● സിമന്റ് - 500-520 (395)

● മെറ്റൽ - 6,200 (5,100 )

● കട്ട - 11,300 (10,150)

● വാർക്ക കമ്പി - കിലോ 74.50 (63)

● ഇരുമ്പ് പൈപ്പ്- കിലോ 115 (76)

● എം സാൻഡ് - 6,300 (5,700)

● പെയിന്റ് - ലിറ്ററിന് 10 രൂപ കൂടി

(കല്ല്, മെറ്റൽ, എം സാൻഡ് എന്നിവ 150ഫീറ്റ് ലോറിയിൽ ഒരു ലോഡിന് എന്ന കണക്കിൽ. കട്ട 350 എണ്ണത്തിന്റെ വില )

ഇലക്ട്രിക് ആൻഡ് പ്ലംബിംഗ് സാധനങ്ങൾ

● വയർ, പവർ കേബിൾ - 40% വരെ വില കൂടി

● കോപ്പർ, സ്റ്റീൽ സാമഗ്രികൾ, ആംഗിൾസ്, ഷീറ്റ്‌സ്, സ്വിച്ച് ബോർഡ് കവറുകൾ എന്നിവയ്‌ക്കെല്ലാം 10 മുതൽ 20 ശതമാനം വരെ വില കൂടിയിട്ടുണ്ട്.

■ വാഹന ചാർജ് ഉൾപ്പെടെ നിർമ്മാതാക്കൾക്ക് വൻ നഷ്ടമാണ് വരുന്നത് വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണം. ജോയ് എബ്രഹാം, ചെയർമാൻ, സിമന്റ് ബ്രിക്‌സ് ഇന്റർലോക്ക്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ.

■ പണികൾ മൊത്തത്തിലെടുത്ത് ചെയ്യുന്നവർക്ക് വൻ സാമ്പത്തിക ബാധ്യതയാണി​പ്പോൾ. എസ്റ്റിമേറ്റിനേക്കാൾ തുക വർധിക്കുമ്പോൾ ഗുണഭോക്താക്കളിൽ നിന്ന് മോശം പെരുമാറ്റം വരെ ഉണ്ടാകാറുണ്ട്.

ജയതിലക്, ജനറൽ സെക്രട്ടറി, കെൽകോൺ