തൃക്കാക്കര: തൃക്കാക്കര നഗരസഭാ പരിധിയിൽ മാലിന്യം നിറഞ്ഞും കാടു കയറിയും കിടക്കുന്ന പൊതുകുളങ്ങൾ തെളിനീർ തടാകങ്ങളാക്കുന്ന പദ്ധതിക്കു തുടക്കമായി.ആദ്യ ഘട്ടത്തിൽ 3 പൊതുകുളങ്ങളാണ് നവീകരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പടമുകൾ സാറ്റലൈറ്റ് ടൗൺഷിപ്പിനു സമീപത്തെ പൊതുകുളത്തിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി നിർവഹിച്ചു. ഈ കുളത്തിന്റെ നവീകരണം പൂർത്തിയായാലുടൻ എൻ.ജി.ഒ ക്വാർട്ടേഴ്സ്, കലക്ടറേറ്റ് പരിസരങ്ങളിലെ ഓരോ കുളങ്ങൾ കൂടി നവീകരിക്കും. ഹരിത കേരളം പദ്ധതിയോടനുബന്ധിച്ചു ചെറുകിട ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണു കുളം നവീകരിക്കുന്നത്. പരമ്പരാഗത ജല സ്രോതസുകളിലൂടെ മാത്രമേ വരും കാലങ്ങളിൽ വരൾച്ചയെ ഫലപ്രദമായി നേരിടാനാകൂവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു പദ്ധതിക്കു രൂപം നൽകിയത്.പ്രാദേശികാടിസ്ഥാനത്തിൽ കുളങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസുകൾ നവീകരിച്ചു നിലനിർത്തിയാൽ മഴ വെള്ള സംഭരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇതു പ്രയോജനപ്പെടുത്താം. പൊതുകുളങ്ങളെയാണ് പ്രധാനമായും പദ്ധതിയിൽ ഉൾപ്പെടുത്തുന്നതെങ്കിലും പൊതു ഉപയോഗത്തിനു വിട്ടു കൊടുക്കാൻ തയ്യാറുള്ള സ്വകാര്യ കുളങ്ങളും ജനപങ്കാളിത്തത്തോടെ നവീകരിക്കുന്ന കാര്യം പരിഗണനയിലുണ്ട്. കുളങ്ങളും ചിറകളും തോടുകളും നിറഞ്ഞു കിടന്നാൽ കിണറുകളിലും മറ്റും ശുദ്ധജല ഉറവ കൂടുമെന്നാണ് വിലയിരുത്തൽ.