കളമശേരി: ആഫ്രിക്കൻ ഒച്ചുകളെ ആകർഷിച്ച് നശിപ്പിക്കുന്ന പദ്ധതിക്ക് വ്യാഴാഴ്ച ചേർന്ന അടിയന്തിര ഓൺലൈൻ കൗൺസിൽ യോഗം രൂപരേഖയുണ്ടാക്കി. 19, 20 തിയതികളിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. നിലവിൽ ഉപ്പും രാസവസ്തുക്കളും ഉപയോഗിക്കുന്നത് മണ്ണിന് ദോഷമായതിനാൽ മുരിങ്ങയില,കപ്പങ്ങയില, കാബേജ് എന്നിവ ചേർത്ത് രണ്ടു ദിവസം ചണ ചാക്കിൽ പൊതിഞ്ഞുവെച്ചാലുണ്ടാകുന്ന മണം ഒച്ചിനെ ആകർഷിക്കും. ഇവ കൂട്ടമായി ചാക്കിലേക്ക് എത്തുമ്പോൾ ഉപ്പ്, തുരിശ്, പുകയില കഷായം എന്നിവയിലേതെങ്കിലും തളിച്ച് ഉൻമൂലനം ചെയ്യുകയാണ് പദ്ധതി. സി.ഡി.എസ്. അംഗങ്ങൾ, ആശ പ്രവർത്തകർ, ആർ.ആർ.ടി. അംഗങ്ങൾ റെസിഡൻസ് അസോസിയേഷൻ പ്രതിനിധി, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ ഓൺലൈൻ യോഗം നടത്തും.11 ന് സാമൂഹ്യ മാധ്യമങ്ങൾ വഴി നേട്ടീസ് വിതരണവും 18 ന് മൈക്ക് അനൌൺസ്മെൻറും നടത്താനും തീരുമാനിച്ചു.