1

തോപ്പുംപടി: വാത്തുരുത്തി റെയിൽവെ പാലം ഉടനെങ്ങാനും യാഥാർത്ഥ്യമാകുമോ? അധികാരികളോട് പഞ്ചിമകൊച്ചിക്കാർ ചോദിക്കുകയാണ്.കാരണം, അനന്തമായ കാത്തിരിപ്പ് തന്നെ. 2012 മുതലാണ് പുതിയ റെയിൽവെ പാലത്തിനുള്ള ചരടുവലികൾ ആരംഭിച്ചത്.ഇതിന്റെ ഭാഗമായി റെയിൽവെ ലക്ഷങ്ങൾ മുടക്കി ഇരുവശവും സ്പാനറുകൾ നിർമ്മിച്ചു. എന്നാൽ നേവിയുടെ മുടന്തൻ ന്യായങ്ങളിൽ തട്ടി പദ്ധതി നിന്നു. നേവി വിമാനത്താവളം സമീപത്തുള്ളതിനാൽ പുതിയ പാലം ലാന്റിംഗിനും മറ്റും തടസമാകുമെന്നാണ് ഇവർ പറയുന്നത്. അന്നത്തെ എം.എൽ.എയും ഇന്നത്തെ എം.പിയുമായ ഹൈബി ഈഡൻ, കെ.ജെ. മാക്സി എം.എൽ.എ, മുൻ എം.പി.കെ.വി.തോമസ് എന്നിവർ മേൽപാലത്തിനു വേണ്ടി കരുനീക്കങ്ങൾ നടത്തിയെങ്കിലും എങ്ങുമെത്തിയില്ല.

കഴിഞ്ഞ സർക്കാ‌ർ പാലം നി‌‌ർമ്മാണം കിഫ്ബിയിൽ ഉൾപ്പെടുത്തി.എന്നാൽ പാലത്തിന്റെ അലൈൻമെന്റും ഡി.പി.ആറും സമർപ്പിക്കാൻ അധികാരികൾക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല. ഇതോടെ ആ വാതിലും അടഞ്ഞു. നിലവിൽ പാലത്തിന്റെ നിർമ്മാണ കാര്യത്തിൽ കൊച്ചിൻ പോർട്ട്, നാവിക സേന എന്നിവർ ഉന്നയിക്കുന്ന തടസവാദങ്ങൾ മൂലം കാലതാമസം നേരിടുകയാണ്.പാലം അലൈൻമെന്റ് പ്രകാരം സ്ഥലം നൽകുന്നതിന് കൊച്ചി തുറമുഖ ട്രസ്റ്റിനുള്ള നിസംഗത അവസാനിപ്പിച്ചാൽ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും. പാലം യാത്ഥാർഥ്യമായാൽ മാത്രമേ ട്രെയിൻ ഗതാഗതം ഇതു വഴി സാദ്ധ്യമാകൂ. പാലം വരുന്നതോടെ കൊച്ചി ഹാർബർ ടെർമിൽസ് റെയിൽവെ സ്റ്റേഷൻ ആദ്യകാല രാജപ്രൗഡിയോടെ തുറക്കാൻ കഴിയുകയുള്ളൂ. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപ്പെട്ടാൽ മാത്രമേ പരിഷ്ക്കരിച്ച രൂപരേഖയും ഡിസൈനും കൊച്ചി ഷിപ്പിയാർഡും കൊച്ചിൻ പോർട്ടും അംഗീകരിക്കുകയുള്ളൂ. എങ്കിൽ മാത്രമേ ഇവിടത്തെ ഗതാഗതക്കുരുക്കിന് ശാപമോക്ഷമാവുകയുള്ളൂ. ഒരു കാലത്ത് ഇവിടെ നിന്നും നിരവധി ദീർഘദൂര ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു.