പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിനെ വികസനത്തിന്റെ പാതയിലേക്കു നയിച്ച കോൺഗ്രസിന്റെ നേതാവായിരുന്നു ഇന്നലെ നിര്യാതനായ എം.എം. അവറാൻ. 15 വർഷത്തോളം വെങ്ങോല പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. വെങ്ങോല പള്ളിക്കു കീഴിൽ എം.വി.ജെ ആശുപത്രി, എം.വി.ജെ പബ്‌ളിക് സ്‌കൂൾ, ഓസിറ്റോറിയം എന്നിവ കൊണ്ടുവന്നത് അവറാന്റെ ശ്രമഫലമായാണ്. പിതാവിൽ നിന്നു കിട്ടിയ ഭൂസ്വത്തിന്റെ നല്ലൊരു ഭാഗം വിറ്റാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയതെന്ന പേരും അവറാനുണ്ട്. പെരുമ്പാവൂരിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ മുൻമന്ത്രിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായിരുന്ന ടി.എച്ച്.മുസ്തഫയോടൊപ്പം അവറാനും സജീവമായി രംഗത്തുണ്ടായിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് വൈസ് പ്രസിഡന്റ്, ഡി.സി.സി.ജനറൽ സെക്രട്ടറി, കെ.പി.സി.സി. നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പടിപടിയായി ഉയർന്നു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കൂടിയായ അവറാൻ ദീർഘകാലമായി കുന്നത്തുനാട് താലൂക്ക് സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റും വെങ്ങോല ഹൈദ്രോസ് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. രക്തസമ്മർദ്ദം മൂലം കുഴഞ്ഞ് വീണതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.