കൊച്ചി: ലക്ഷദ്വീപ് നിവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലാക്കാനുള്ള സന്ദർശനത്തിന് അനുമതി നിഷേധിച്ച അഡ്മിനിസ്‌ട്രേറ്ററുടെ നടപടി പാർലമെന്റിനോടുള്ള അവഹേളനമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. വെല്ലിംഗ്ടൺ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസിനു മുന്നിൽ എൽ.ഡി.എഫ് എം.പിമാരുടെ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലക്ഷദ്വീപിൽ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. ദ്വീപിനെ കാവിവൽക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശം കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിത്. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ. പട്ടേലിനെ അടിയന്തരമായി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി പി.രാജു, എം.പിമാരായ ബിനോയ് വിശ്വം, എളമരം കരീം, തോമസ് ചാഴിക്കാടൻ, എം.വി.ശ്രേയാംസ് കുമാർ, കെ.സോമപ്രസാദ്, എ.എം.ആരിഫ്, വി.ശിവദാസൻ, ജോൺ ബ്രിട്ടാസ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി എന്നിവർ സംസാരിച്ചു.