ത്യക്കാക്കര: നവീകരിച്ച മുനിസിപ്പൽ എൽപി സ്കൂൾ മന്ദിരത്തിൽ കുട്ടികൾ എത്തും മുമ്പേ പുതിയ കുടിവെള്ള ടാപ്പുകൾ മോഷ്ടാക്കൾ കവർന്നു. സ്കൂൾ മന്ദിരത്തിന്റെ പിൻഭാഗത്തെ ശുചിമുറിയുടെ വാതിൽ പൊളിച്ച് അകത്തു കടന്നാണ് ഏഴ് സ്റ്റീൽ ടാപ്പുകളും പുറത്ത് വെള്ളം കുടിക്കാൻ സ്ഥാപിച്ചിരുന്ന മൂന്നു ടാപ്പുകളും മോഷ്ടിച്ചത്. ഇവ മുറിച്ചെടുത്തപ്പോൾ അനുബന്ധ സാമഗ്രികൾക്കും കേടു സംഭവിച്ചിട്ടുണ്ട്. ഇന്നലെയാണ് ഹെഡ്മിസ്ട്രസ് സൗദാമിനി കുനീലിന്റെ ശ്രദ്ധയിൽ ഇക്കാര്യം പെടുന്നത്. പൊലീസെത്തി പരിശോധന നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചിയും സ്ഥലത്തെത്തി.