aisha

കൊച്ചി: ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗി​ച്ചെന്ന്​ ചാനൽ ചർച്ചയിൽ പറഞ്ഞ സിനി​മാ സംവി​ധായി​കയും ലക്ഷദ്വീപ് സ്വദേശി​യുമായ അയി​ഷ സുൽത്താനയ്ക്കെതി​രെ രാജ്യദ്രോഹത്തി​ന് കവരത്തി പൊലീസ് കേസടുത്തു.

ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുൽ ഖാദർ ഹാജിയുടെ പരാതിയിലാണിത്. രാജ്യദ്രോഹം, ദേശീയതയ്‌ക്ക് ഭംഗം വരുത്തുന്ന പരാമർശം എന്നീ വകുപ്പുകളി​ലാണ് കേസ്.

ചൊവ്വാഴ്ച മീഡിയ വൺ ചാനലിലായി​രുന്നു അയി​ഷയുടെ പരാമർശം. ഇത് കേന്ദ്രസർക്കാരിനെതിരെ ദുരുദ്ദേശ്യത്തോടെ പറഞ്ഞതാണെന്നാണ് പരാതി. ചർച്ചയി​ൽ പങ്കെടുത്ത യുവമോർച്ച സംസ്ഥാന സെക്രട്ടറി ബി.ജി.വിഷ്ണു അപ്പോൾ തന്നെ പരാമർശം പി​ൻവലി​ക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കി​ലും അയി​ഷ തയ്യാറായി​ല്ല. പി​ന്നീട് വി​ഷ്ണു തിരുവനന്തപുരം കന്റോൺമെന്റ് പൊലീസി​ലും യുവമോർച്ച പ്രവർത്തകർ പാലക്കാട് പൊലീസ് സ്റ്റേഷനി​ലും പരാതി​ നൽകി​യി​രുന്നു.

രാജ്യത്തെയോ സർക്കാരി​നെയോ അല്ല അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ ഉദ്ദേശിച്ചാണ് പരാമർശമെന്ന് അയിഷ ഫേസ്ബുക്കിലും

വീഡി​യോ സന്ദേശത്തി​ലും വി​ശദീകരി​ച്ചു.

ഒരു വർഷത്തോളം ഒറ്റ കൊവിഡ് കേസും ഇല്ലാതിരുന്ന ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലിൽ നിന്നും കൂടെ വന്നവരിൽ നിന്നുമാണ് വൈറസ് വ്യാപിച്ചതെന്നും ഈ സാഹചര്യത്തിലാണ് പ്രഫുൽ പട്ടേലിനെ ജൈവായുധവുമായി താരതമ്യപ്പെടുത്തിയതെന്നും അവർ പറഞ്ഞു.

അയി​ഷയുടെ വിവാദ പരാമർശത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് ലക്ഷദ്വീപിലെ ബി.ജെ.പി പ്രവർത്തകരുടെ വീടുകളിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. ഇന്നലെ ചേർന്ന ബി.ജെ.പി ലക്ഷദ്വീപ് നേതൃയോഗത്തിലാണ് തീരുമാനം. പ്രസിഡന്റ് അബ്ദുൾ ഖാദറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ പ്രഭാരി എ.പി. അബ്ദുള്ളക്കുട്ടിയും പങ്കെടുത്തു.