pic

കോതമംഗലം :കുട്ടമ്പുഴയിലെ ആദിവാസി ഊരുകളിൽ കൊവിഡ് വ്യാപനം കൂടുന്നു. ജില്ലയിൽ പ്രതിദിന കൊവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടെന്ന് അധികൃതർ പറയുമ്പോഴും കുട്ടമ്പുഴയിൽ ആദിവാസികളുടെ ഇടയിൽ പോസറ്റീവ് നിരക്ക് കൂടി വരുന്ന അസ്ഥയാണുള്ളത്. കാടിന്റെ മക്കളെ കൂട്ടത്തോടെ താലൂക്കിലെ വിവിധ ഡി.സി.സികളിലേക്ക് മാറ്റുകയാണ്. കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപ്പാറ, കുഞ്ചിപ്പാറ എന്നി മേഖലയിൽനിന്ന് 157 പേരെയാണ് താലൂക്കിലെ വിവിധ ഡി.ഡി.സികളിലേക്ക് മാറ്റിയത്.

എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അതിവസിക്കുന്ന പഞ്ചായത്താണ് കുട്ടമ്പുഴ. പൂയംകുട്ടിപുഴയിലെ ബ്ലാവന കടത്തു കടന്നു ദുർഘടമായ കാനന പാത താണ്ടി വേണം ഇവിടെ ഉൾ വനത്തിലുള്ള ആദിവാസി ഊരുകളിൽ എത്തുവാൻ. കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ഊരുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ കൊവിഡ് പരിശോധനയിൽ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടമ്പുഴ ആദിവാസി മേഖലയിലെ തലവച്ചപാറ, കുഞ്ചിപ്പാറ, കല്ലേലിമേട് എന്നി സ്ഥലങ്ങളിലെ കോളനികളിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് രോഗികളുടെ വൻ വർദ്ധനവ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് ആരോഗ്യ വകുപ്പ് വിവിധ ഊരുകളിൽ പരിശോധന ഊർജ്ജിതമാക്കുകയാണ്.

ജില്ലയിൽ പ്രതിദിനം പ്രൈവറ്റ് വാക്സിനേഷൻ സെന്ററുകൾ വഴി 4000ഡോസ് വാക്സിൻ നൽകുന്നുണ്ട്. കുട്ടമ്പുഴ ആദിവാസി മേഖലയിൽ ആദ്യ ഘട്ട വാക്സിൻ അടുത്തിടെ ക്യാമ്പ് സംഘടിപ്പിച്ച് നൽകിയിരുന്നു. ആദിവാസി മേഖലയിൽ കൂടുതൽ വാക്സിനേഷൻ ക്യാമ്പുകൾ ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് കാണിച്ച സാഹചര്യത്തിൽ കോതമംഗലം തഹസിൽദാരുടെ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്ത്‌ ആരോഗ്യം, വനം വകുപ്പ്, പൊലീസ്, ട്രൈബൽ എന്നി വിഭാഗങ്ങളെയെല്ലാം ഏകോപിച്ചാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഇപ്പോൾ നടത്തി വരുന്നത്.