foot-and-mouth-disease

കൊച്ചി: കാലവർഷം ശക്തമായതോടെ ജില്ലയിൽ കന്നുകാലികളിൽ കുളമ്പുരോഗം വ്യാപിക്കുന്നു. ഒരു മാസത്തിനിടെ നാല് പഞ്ചായത്തുകളിലായി 39 കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗം നിയന്ത്രിക്കാനുള്ള കരുതൽ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു

രോഗം സ്ഥിരീകരിച്ച പഞ്ചായത്ത്

ഏലൂർ- 13

ചൂർണിക്കര-7

വെസ്റ്റ് കടുങ്ങല്ലൂർ-15

കീഴ്മാട്-4

ലക്ഷണങ്ങൾ

• ശക്തിയായ പനി

•നാക്ക്,മോണ എന്നിവിടങ്ങളിൽ ദ്രാവകം നിറഞ്ഞ കുമിളകൾ പ്രത്യക്ഷപ്പെട്ട് ഇവ പിന്നിട് വൃണങ്ങളായി മാറും

•വായിൽ നിന്ന് നൂലുപോലെയുള്ള ഉമിനീർ വരും, തീറ്റതിന്നാൻ മടി
•കൊമ്പ്, അകിട് എന്നിവിടങ്ങളിൽ വൃണങ്ങൾ പ്രത്യക്ഷപ്പെടും. ഈ വൃണങ്ങളിൽ ഈച്ച മുട്ടയിട്ടു പുഴുക്കളാകാൻ സാദ്ധ്യതയുണ്ട്. കുളമ്പ് ഇളകിപ്പോകാനും സാധ്യതയുണ്ട്
•ചുണ്ടുകൾ അനക്കിക്കൊണ്ടിരിക്കുക, മുടന്തുണ്ടാകുക, ഗർഭം അലസുക

നിയന്ത്രണം

പ്രതിരോധകുത്തിവയ്പാണ് ഫലപ്രദമായ നിയന്ത്രണമാർഗം. പൂച്ച, പട്ടി, കാക്ക എന്നിവ തൊഴുത്തിൽ കയറുന്നത് തടയണം. രോഗമുള്ള പശുവിനെ പരിചരിക്കുന്നയാൾ മറ്റു പശുക്കളുമായി ഇടപെഴകരുത്.

തൊഴുത്തിൽനിന്നു മാലിന്യങ്ങൾ പുഴയിലേക്കോ തോട്ടിലേക്കോ ഒഴുക്കിവിടാതെ ശ്രദ്ധിക്കണം. രോഗം ബാധിച്ചു ചത്ത കാലികളുടെ ജഡം ആഴത്തിൽ മറവ് ചെയ്യണം. തൊഴുത്ത് വൃത്തിയായി സൂക്ഷിക്കണം. ഉണങ്ങിയ, വൃത്തിയുള്ള തൊഴുത്തിൽ കാലികളെ കെട്ടാൻ ശ്രമിക്കുക.ദിവസം 40 ഗ്രാം അലക്കുകാരം 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു നിർമ്മിക്കുന്ന അണുനാശിനികൊണ്ട് കുളമ്പ് എന്നിവ കഴുകുക.

വാക്സിനേഷൻ ആരംഭിച്ചു

നിലവിൽ ചെറിയ രീതിയിലാണ് രോഗം കണ്ടു തുടങ്ങിയത്. സ്ഥിരീകരിച്ച സ്ഥലങ്ങൾക്ക് മൂന്ന് കിലോ മീറ്റർ ചുറ്റളവിൽ റിംഗ് വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്. ഒരു ലക്ഷം ഡോസ് വാക്സിൻ ചെവ്വാഴ്ച നെടുമ്പാശേരിയിൽ എത്തും.

ഡോ.ടി.ഇന്ദിര, ജില്ല ആനിമൽ ഡിസീസ് കൺട്രോളർ പ്രൊജക്ട് കോഓർഡിനേറ്റർ