കോലഞ്ചേരി: വർക്കില്ല, വർക്കൗട്ടും. രണ്ടാം കൊവിഡ് വ്യാപനം ഫിറ്റ്നെസ് സെന്ററുകൾക്ക് പൂട്ട് വീഴ്ത്തും. അടച്ച് മാസം രണ്ടു കഴിഞ്ഞിട്ടും ജിമ്മന്മാർക്ക് മസിലു പെരുപ്പിക്കാനാകുന്നില്ല. ആദ്യ ലോക്ക് ഡൗണിന് ശേഷം നിയന്ത്റണങ്ങളോടെ തുറന്നപ്പോൾ സന്ദർശകരുടെ എണ്ണം കൂടിയിരുന്നു. വർക് ഫ്രം ഹോമിന്റെയും ഓൺലൈൻ ക്ലാസുകളുടെയും ഭാഗമായി മാസങ്ങളോളം വീട്ടിലിരുന്നു തടിവച്ചവരുമെല്ലാം അന്ന് ഹെൽത്ത് ക്ലബ്ബുകളിൽ എത്തിതുടങ്ങിയിരുന്നു. മദ്ധ്യവയസ്‌കരും വീട്ടമ്മമാരുമെല്ലാം വർക്കൗട്ടിൽ ശ്രദ്ധിച്ചു തുടങ്ങി. മാസങ്ങൾ നീണ്ട അടച്ചുപൂട്ടലിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് മേഖല കരകയറിത്തുടങ്ങിയപ്പോഴാണ് വീണ്ടും ലോക്ക് ഡൗൺ വരുന്നത്.രാവിലെ നാല് മണിക്ക് എഴുന്നേ​റ്റ് പ്രഭാത നടത്തമോ, ഓട്ടമോ കഴിഞ്ഞ് ജിമ്മിൽ വർക്ക് ഔട്ട് ചെയ്തിരുന്നവരുടെ ദിനചര്യകളെ കൊവിഡ് മാ​റ്റി മറിച്ചു. പ്രഭാത നടത്തത്തിന് ഇളവുകൾ ലഭിച്ചിട്ടും ജിമ്മുകളോ ഹെൽത്ത് ക്ലബ്ബുകളോ തുറക്കാൻ നിർദേശം വന്നിട്ടില്ല. ലോക്ക് ഡൗൺ നീളുന്ന ഓരോ ദിവസവും പ്രതിസന്ധിയിലാകുന്നത് ലക്ഷങ്ങൾ മുടക്കി ജിമ്മുകൾ തുടങ്ങിയവരാണ്.

ട്രെഡ്മിൽ, എയറോബിക് സ്റ്റെപ്പർ, സ്റ്റേഷനറി ബൈക്കുകൾ, കേബിൾ പുള്ളി മെഷീൻ, വെയ്​റ്റ് മെഷീനുകൾ, മൾട്ടി ജിം തുടങ്ങി കുറഞ്ഞത് 10 ലക്ഷം രൂപയുടെ ഉപകരണങ്ങളെങ്കിലും ശരാശരി ഒരു ജിമ്മിലുണ്ടാവും. ഇക്കൂട്ടത്തിൽ കൃത്യമായി ഓയിലിട്ട് കൊടുക്കേണ്ടവയുമുണ്ട്.കഴിഞ്ഞ രണ്ടു മാസത്തിനിടെ ഒരു ജിമ്മിലും ഇതൊന്നും നടക്കുന്നില്ല. എറണാകുളം ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷന്റെ കീഴിൽ മാത്രം ജില്ലയിൽ 100 ഓളം ജിമ്മുകളുണ്ട്. ഹെൽത്ത് ക്ളബ്ബുകൾ വേറെയും. 15,000 രൂപ മുതൽ 30,000 രൂപ വരെ വാടക കൊടുക്കുന്നവയാണ് ഓരോന്നും. ആദ്യത്തെ ഒരുമാസം വാടകയിൽ ചില ഇളവുകളൊക്കെ ലഭിച്ചെങ്കിലും പിന്നെ കെട്ടിട ഉടമകളും വാടക ചോദിക്കാൻ നിർബന്ധിതരായെന്ന് ജിം ഉടമകൾ പറയുന്നു.

ഹെൽത്ത് ക്ലബ് എന്നാൽ മസിൽ പെരുപ്പിക്കുന്ന സ്ഥലം മാത്രമാണ് എന്ന തരത്തിലാണ് അധികൃതർ കണക്കാക്കുന്നത്. എന്നാൽ ആരോഗ്യകരമായ ജീവിതശൈലി തേടുന്നവരും ആരോഗ്യപ്രശ്‌നങ്ങൾക്ക് പരിഹാരം തേടുന്നവരുമാണ് ക്ലബ്ബുകളിൽ എത്തുന്നവരിൽ ഭൂരിഭാഗവും. വിദേശരാജ്യങ്ങളിൽ ക്ലബ്ബുകളെ ആരോഗ്യമേഖലയുടെ പ്രധാനഘടകമായി കണക്കാക്കുന്ന രീതി ഇവിടെയും വേണം.

സി.എ.ഉണ്ണിക്കൃഷ്ണൻ പട്ടിമറ്റം,​ ജോയിന്റ് സെക്രട്ടറി,​

എറണാകുളം ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ