ആലുവ: തോൽവിക്ക് പിന്നാലെ വോട്ട് ചോ‌‌ർച്ച ച‌ർച്ച ചെയ്യാൻ വിളിച്ചുകൂട്ടി ഓൺലൈൻ യോഗത്തിൽ തലകാട്ടി ബി.ജെ.പി സംസ്ഥാന ജില്ലാ നേതാക്കൾ മുങ്ങി. സംഭവത്തിൽ അണികൾക്കിടയിൽ അമ‌ർഷം പുകയുകായാണ്. അതേസമയം വിഷയം ഒരുവിധം തണുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഇതുസംബന്ധിച്ച് നെടുമ്പാശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷൺമുഖൻ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലട്ട വിമ‌ർശനക്കുറിപ്പും ശബ്ദസന്ദേശവും പുറത്തായത് പാ‌ർട്ടിക്ക് ക്ഷീണമായി.

കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് പത്രദൃശ്യമാദ്ധ്യമങ്ങൾ തുറക്കാൻ പോലും കഴിയാത്ത വിധം അന്തരീക്ഷം കലുഷിതമാണെന്നും ഈ ഘട്ടത്തിൽ പോലും അണികൾക്കും പ്രവർത്തകർക്കും ആത്മവിശ്വാസം നൽകാൻ നേതാക്കൾ തയ്യാറാകുന്നില്ലെന്നും ഷൺമുഖൻ തുറന്നു പറയുന്നു. ആലുവ മണ്ഡലത്തിൽ 25,000 വോട്ട് പോലും കിട്ടിയില്ല. ഇതു എന്തുകൊണ്ടാണെന്ന് പരിശോധിക്കാൻ നേതാക്കൾക്ക് സമയമില്ല. മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥി പോലും ഗൂഗിൾ മീറ്റ് മുഖേന ചേർന്ന യോഗത്തിൽ മുഖം കാണിച്ച് മുങ്ങി. എന്തുകൊണ്ട് വോട്ട് കുറഞ്ഞുവെന്ന പ്രവർത്തകരുടെ അഭിപ്രായം കേൾക്കാൻ ജില്ലാ സംസ്ഥാന നേതാക്കൾ ശ്രമിക്കുന്നില്ല.ഇക്കാര്യത്തിൽ അണികൾ നിരാശരാണ്. ഈ രീതിയിൽ പാർട്ടിക്ക് മുന്നോട്ട് പോകാനാകില്ല. ആലുവ മണ്ഡലം വിശദീകരണ യോഗത്തിൽ 26 പേർ മാത്രം പങ്കെടുത്തപ്പോൾ നെടുമ്പാശേരി പഞ്ചായത്ത് തല യോഗത്തിൽ 40 പേർ പങ്കെടുത്തു. നേതാക്കന്മാർക്ക് സമയം ഇല്ലായിരുന്നെങ്കിൽ യോഗം മാറ്റിവെയ്ക്കാമായിരുന്നു. അതിന് തയ്യാറാകാതെ പങ്കെടുക്കാതിരിക്കുകയും മുങ്ങുകയും ചെയ്യുന്ന രീതി ശരിയല്ല.

സംഘടനാ സംവിധാനത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന് ഷൺമുഖൻ ആവശ്യപ്പെടുന്നുണ്ട്. ബൂത്തും പഞ്ചായത്ത് കമ്മിറ്റികളും അറിയാത്ത പ്രവർത്തനം അംഗീകരിക്കില്ല. ഫണ്ട് കളക്ഷൻ സംബന്ധിച്ച് സുതാര്യതയും മാർഗനിർദ്ദേശവും വേണം. സംഘടനാകാര്യങ്ങൾക്ക് ബൂത്തും പഞ്ചായത്ത് കമ്മിറ്റിയും വേണ്ട ഫണ്ട് പിരിവിന് വേണം. ഇത് അംഗീകരിക്കാനാകില്ല. ഇതിനെതിരെ ഭാവിയിൽ നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി ശക്തമായ നിലപാടെടുക്കുമെന്നും ഇത് നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തുമെന്നും ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജി. സെന്തിൽകുമാർ, ജനറൽ സെക്രട്ടറി കെ. സുമേഷ്, മണ്ഡലം സെക്രട്ടറി പ്രദിപ് പെരുമ്പടന്ന എന്നിവർ രണ്ട് മണിക്കൂർ നീണ്ട യോഗത്തിൽ ആദ്യാവസാനം വരെ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നുമുണ്ട്.