തൃക്കാക്കര:ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ അരലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾക്ക് കൈത്താങ്ങായി തൊഴിൽവകുപ്പ്. ഭക്ഷ്യക്കിറ്രും മരുന്നും എത്തിച്ചു.മെയ് 11നാണ് ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ തൊഴിലാളികൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യും. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ് ,സപ്ലെകോ എന്നിവയുടെ സഹകരണത്തോടെയാണ് കിറ്റു വിതരണം പുരോഗമിക്കുന്നത്. 70000 അന്യസംസ്ഥാന തൊഴിലാളികളാണ് ജില്ലയിലുള്ളത്.സ്കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്കുള്ള ഭക്ഷുകിറ്റ് വിതരണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വിവിധ തൊഴിലുടമകളുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള കിറ്റ് വിതരണവും ഇതോടൊപ്പം നടക്കുന്നു.50000മത്തെ ഭക്ഷ്യ കിറ്റ് എറണാകുളം ജില്ലാ ലേബർ ഓഫീസർ (എൻഫോസ്‌മെന്റ്) പി.എം.ഫിറോസ് ബീഹാർ സ്വദേശി ശ്രീറാം കുമാറിന് കൈമാറി. അസി. ലേബർ ഓഫീസർ ഗ്രേഡ് വൺ ,പി.എൻ.ബിജുമോൻ, അസി. ലേബർ ഓഫീസർ ടി.ജി.ബിനീഷ് കുമാർ എന്നിവർ സംബന്ധിച്ചു.റീജണൽ ജോയിന്റ് ലേബർ കമ്മിഷണർ ഡി.സുരേഷ് കുമാർ,ഡെപ്യൂട്ടി ലേബർ കമ്മിഷണർ ആർ.ഹരികുമാർ ജില്ലാ ലേബർ ഓഫീസർമാരായ പി.എം.ഫിറോസ് ,പി .എസ് മാർക്കോസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.