
കൊച്ചി: യുവതിയെ ഫ്ലാറ്റിൽ തടഞ്ഞുവച്ച് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിന്റെ സാമ്പത്തിക ഇടപാടുകളും ആഡംബരജീവിതവും അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 43,000 രൂപ മാസവാടകയുള്ള ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ആഡംബരകാറുകളാണ് ഉപയോഗിച്ചിരുന്നതും. ഇയാൾ നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും.
വീഴ്ചയിൽ വകുപ്പുതല അന്വേഷണം
യുവതിയുടെ പരാതി ഗൗരവമായി കൈകാര്യം ചെയ്യാതിരുന്നതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്ന്
കമ്മിഷണർ പറഞ്ഞു. ഇത്ര ഗുരുതരമായ പരിക്കുണ്ടെന്ന കാര്യം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും നടപടിയുണ്ടാകും. എ.സി.പിക്കാണ് അന്വേഷണച്ചുമതല. മാദ്ധ്യമ വാർത്തകളിലൂടെയാണ് കേസിന്റെ ഗൗരവം മനസിലായതെന്ന് വീഴ്ച സമ്മതിച്ച് കമ്മിഷണർ പറഞ്ഞു.
യുവതിയെ സഹായിച്ചത് സർക്കാർ ജീവനക്കാരൻ
ഉച്ചയ്ക്ക് രണ്ട് മണിയോടെ ഫ്ളാറ്റിൽനിന്ന് രക്ഷപ്പെട്ട് പുറത്തേക്ക് ഓടിയിറങ്ങിയ യുവതി ഒരു ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിറുത്തി സഹായം തേടുകയായിരുന്നു. ടാക്സി സ്റ്റാൻഡിലാക്കണമെന്ന് പറഞ്ഞു. എന്നാൽ, ടാക്സിയിൽ കയറി രക്ഷപ്പെടാനാകാത്ത വിധം ഭീതിയിലായിരുന്ന യുവതിയെ അദ്ദേഹമാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. എന്നിട്ടും യുവതിക്ക് സ്റ്റേഷനിലേക്ക് കയറാൻ ഭയമായിരുന്നു.