പിറവം: പിറവത്തുകാരുടെ നിരന്തര ആവശ്യമായിരുന്ന പടവെട്ടി പാലത്തിന്റെ പുനർനിർമാണം യാഥാർഥ്യമാകുന്നു.സംസ്ഥാന സർക്കാർ റീബിൽഡ് കേരള പദ്ധതിയിലൂടെ കുമരകം നെടുമ്പാശേരി റോഡിൽ ഉൾപ്പെടുത്തിയാണ് പാലം പുനർനിർമിക്കുന്നത്.പിറവം കാക്കാട് റോഡിൽ ജെ.എം.പി ആശുപത്രിക്ക് സമീപം നടത്തടം തോടിന് കുറുകെ നിലവിൽ ഇടുങ്ങിയ പാലമാണ് ഉള്ളത്. ഒരേ സമയം ഒരുവാഹനത്തിന് മാത്രമാണ് ഇതുവഴി യാത്ര സാധ്യമാകുമായിരുന്നുള്ളൂ. റോഡിന് വീതി കൂട്ടിയ സമയങ്ങളിലും പാലം പുതുക്കി നിർമിക്കാത്തത് ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്തിരുന്നു. 2006-ൽ എം.ജെ.ജേക്കബ് എം.എൽ.എ പുതിയ പാലം എന്ന ആവശ്യം സർക്കാരിൽ ഉന്നയിച്ചിരുന്നു. അന്നത്തെ പിറവം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സലിമും പാലത്തിനായി പരിശ്രമിച്ചു. അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതി നടപ്പായില്ല.
പാലത്തിന്റെ പുനർനിർമാണത്തിന് റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി 66 കോടി രൂപ അനുവദിക്കുകയും കെ.എസ്.ടി.പിയെക്ക് നിർമാണ ചുമതല ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുമരകത്തുനിന്ന് പെരുവ,മുളക്കുളം, പിറവം,കാക്കാട്,പെരുവംമുഴി, വാളകം,മണ്ണൂർ വഴി നെടുമ്പാശേരിക്ക് എത്തുന്ന ഈ പാത പൂർത്തിയാകുന്നതോടെ 22കിലോ മീറ്ററാണ് ലാഭിക്കുന്നത്. 10വർഷത്തോളം മുടങ്ങിയ പാലം പണിയുന്നതിന് അംഗീകാരം നൽകിയ സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായി സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് അറിയിച്ചു.