കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളിൽ ചെറുകിട വ്യാപാരികൾക്ക് ഇളവുകൾ നൽകാത്തതിനെതിരെ ജില്ലയിലെ മുഴുവൻ കടകളും തിങ്കളാഴ്ച അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധിക്കും. കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സും കേരള വ്യാപാരി വ്യവസായി സമിതിയുമാണ് കടയടപ്പ് സമരത്തിന് ആഹ്വാനം നൽകിയത്.

കൊവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പോലുള്ള കർശനനിയന്ത്രണങ്ങൾ ആവശ്യമാണെങ്കിലും വിവേചനം കാണിക്കുന്നതായി മർച്ചന്റ്സ് ചേംബർ പ്രസിഡന്റ് ജി. കാർത്തികേയൻ, ജനറൽ സെക്രട്ടറി കെ.എം. വിപിൻ എന്നിവർ പറഞ്ഞു. രണ്ടാംതരംഗത്തിലും ലോക്ക് ഡൗൺ ശനിയും ഞായറുമാക്കിയെങ്കിലും കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമായിവന്നു. വ്യാപാരികൾ സർക്കാർ മുൻകരുതലുകൾക്ക് പൂർണസഹകരണം നൽകി.

ഇളവുകൾ നൽകിയെങ്കിലും ഹോം അപ്ലൈൻസസ് ഉൾപ്പെടെ പല സ്ഥാപനങ്ങൾക്കും തുറക്കാൻ അനുമതി ലഭിച്ചിട്ടില്ല. വൻകിട മാളുകളും ഓൺലൈൻ ഭീമന്മാരും പതിവുപോലെ പ്രവർത്തിക്കുന്നു. ചെറുകിട വ്യാപാരികളുടെ ജീവിതം വഴിമുട്ടി. ആഴ്ചയിൽ രണ്ടുദിവസം തുറക്കാൻ അനുമതി നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടെങ്കിലും സർക്കാർ അംഗീകരിച്ചില്ല. പ്രായോഗികമല്ലാത്ത നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് 14ന് മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് പ്രതിഷേധിക്കുന്നതെന്ന് അവർ പറഞ്ഞു.

ജപ്തിഭീഷണിയിൽ: ഏകോപന സമിതി

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുഴുവൻ കടകളും തുറക്കാൻ അനുവദിക്കുക, ലോക്ക് ഡൗൺ കാലത്തെ ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, കടകളുടെ വാടക ഒഴിവാക്കാൻ നിയമം നിർമിക്കുക, കണ്ടെയിൻമെന്റ് സോണുകൾ പ്രതിദിനം ശാസ്ത്രീയമായി പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് കടയടപ്പെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ എന്നിവർ പറഞ്ഞു.

കൊവിഡിൽ ഏറ്റവും ദുരിതം അനുഭവിക്കുന്ന ചെറുകിട, ഇടത്തരം വ്യാപാരികളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഗണിച്ചിട്ടില്ല. സ്വയംതൊഴിൽ കണ്ടെത്തിയ വ്യാപാരികൾ ജപ്തിഭീഷണിയും നേരിടുന്ന സാഹചര്യത്തിലാണ് പ്രതിഷേധിക്കാൻ നിർബന്ധിതരായതെന്ന് അവർ പറഞ്ഞു.