ആലുവ: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഒരു മാസത്തിലേറെയായി തുടരുന്ന സമൂഹ അടുക്കളക്കെതിരെ വ്യാജ പ്രചരണം നടത്തിയ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനെ ഉപരോധിച്ചു. ഡി.വൈ.എഫ്.ഐയുടെ സമൂഹ അടുക്കളയിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടതായിട്ടായിരുന്നു പ്രചരണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സമൂഹ അടുക്കള തുറക്കുന്നതിന് അഞ്ച് ലക്ഷം രൂപ അനുവധിച്ചിട്ടും ആലുവ നഗരസഭ നടപടിയെടുക്കാത്ത സാഹച്ചര്യത്തിലാണ് ഡി.വൈ.എഫ്.ഐ ചുമതല സ്വയം ഏറ്റെടുത്തത്. വിവിധ സാമൂഹ്യ സാംസ്‌കാരക സംഘടനകൾ പിന്തുണച്ചതോടെ സമൂഹ അടുക്കളയുടെ പ്രവർത്തനം മുടക്കമില്ലാതെ തുടരുകയായിരുന്നു. നഗരസഭയിലെ 26 വാർഡുകളിലും കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇപ്പോഴും ഭക്ഷണം എത്തിച്ച് നൽകുന്നുണ്ട്. ഇതിനിടയിലാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വ്യാജപ്രചരണമുണ്ടായത്. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഡി.വൈ.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു. നേതാക്കളായ രാജീവ് സക്കറി, ശ്യാം പത്മനാഭൻ, നികേഷ് ഗോപാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡി.വൈ.എഫ്.ഐ സമൂഹ അടുക്കള തുറന്നത് കോൺഗ്രസ് ഭരിക്കുന്ന നഗരസഭക്ക് വലിയ ക്ഷീണമായിരുന്നു. ഇതേതുടർന്ന് 20 രൂപ നിരക്കിൽ പൊതിച്ചോറ് നൽകുന്ന ജനകീയ ഹോട്ടൽ തുറന്നെങ്കിലും കോൺഗ്രസ് കൗൺസിലർമാർ ഉൾപ്പെടെ സഹകരിക്കുന്നുണ്ടായില്ല. പിന്നീട് പാർലമെന്ററി പാർട്ടി യോഗം വിളിച്ചാണ് സഹകരിക്കണമെന്ന് കൗൺസിലർമാർക്ക് പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയത്.