കോലഞ്ചേരി: കുന്നത്തുനാട്ടിൽ എം.എൽ.എ വിളിച്ചു ചേർത്ത ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ നിന്നും ട്വന്റി20 പഞ്ചായത്ത് പ്രസിഡന്റുമാർ വിട്ടു നിന്ന നടപടി വിവാദത്തിലേക്ക്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് യോഗം വിളിച്ചത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും മഴക്കാല രോഗപ്രതിരോധ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി വിവിധ വകുപ്പുകളുടെ സംയുക്ത യോഗമാണ് വടവുകോട് ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്തത്. എന്നാൽ ട്വന്റി20 ഭരിക്കുന്ന കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, കിഴക്കമ്പലം പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ ഏകപക്ഷീയമായി യോഗം ബഹിഷ്ക്കരിക്കുകയായിരുന്നു. പൂതൃക്ക, പുത്തൻകുരിശ്, തിരുവാണിയൂർ, വാഴക്കുളം പഞ്ചായത്തിലെ പ്രസിഡന്റുമാർ പങ്കെടുക്കുകയും ചെയ്തു. നേരത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിൽ നിന്ന് ട്വന്റി20 പ്രസിഡന്റുമാർ വിട്ടുനിന്നിരുന്നു. കൊവിഡിനൊപ്പം മഴക്കാല രോഗങ്ങളും പടരാൻ ഇടയുള്ള സാഹചര്യം നിലനിൽക്കെ മുൻകരുതലായി മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളടക്കം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ദ്രുതഗതിയിൽ പൂർത്തിയാക്കേണ്ട ഗുരുതര സാഹചര്യം നിലനിൽക്കെയാണ് ഇക്കാര്യത്തിൽ മുൻ നിരയിൽ നിൽക്കേണ്ട പ്രസിഡന്റുമാർ രാഷ്ട്രീയ വിരോധം മുൻനിർത്തി ദുരന്തനിവാരണ അതോറിറ്റി യോഗം ബഹിഷ്ക്കരിച്ചത്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ വഴിയാണ് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോ‌ടെ സംസ്ഥാനത്താകമാനം രോഗപ്രതിരോധ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെടുമെന്ന് അഡ്വ.പി.വി. ശ്രനിജിൻ എം.എൽ.എ അറിയിച്ചു. വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ആരോഗ്യം, റെവന്യൂ, പൊലീസ്, ഫയർഫോഴ്സ്, എക്സൈസ്, പൊതുമരാമത്ത്, ഇറിഗേഷൻ, എൽ.എസ്.ജി.ഡി വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്തു.