കൊച്ചി: ക്രൈസ്തവർക്കിടയിലെ അനാചാരങ്ങൾക്കെതിരെ മുന്നേറ്റം കുറിച്ച് 1599ൽ ആർച്ചു ബിഷപ്പ് അലക്‌സിസ് ഡി. മെനേസിസ് വിളിച്ചുചേർത്ത ഉദയംപേരൂർ സൂനഹദോസിന്റെ 422 ാം വാർഷികത്തിന്റെ ഭാഗമായി 'ഉദയംപേരൂർ സൂനഹദോസ്, കേരള നവോത്ഥാനത്തിന്റെ ആധാരശില' എന്ന വിഷയത്തിൽ പൈതൃക ചരിത്ര സാംസ്‌കാരിക വേദി മൂന്ന് ദിവസത്തെ വെബിനാർ പരമ്പര സംഘടിപ്പിക്കും.

ഈമാസം 16, 20, 24 തിയതികളിൽ വൈകിട്ട് 6 മുതൽ 8.30 വരെ നടക്കുന്ന വെബിനാറുകൾ കണ്ണൂർ മെത്രാനും കെ.ആർ.എൽ.സി ഹെറിറ്റേജ് കമ്മിഷൻ ചെയർമാനുമായ ഡോ. അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്യും. പ്രൊഫ. കുര്യാസ് കുമ്പളക്കുഴി, പ്രൊഫ. ഇഗ്‌നേഷ്യസ് ഗൊൺസാൽവസ്, ആന്റണി പുത്തൂർ എന്നിവർ മുഖ്യപ്രബന്ധങ്ങൾ അവതരിപ്പിക്കും.ഉദ്ഘാടന ദിവസം പൈതൃക പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ മോഡറേറ്ററാകും.രണ്ടാം ദിവസം ദേശീയ മെത്രാൻ സമിതി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ. സ്റ്റീഫൻ ആലത്തറ ഉദ്ഘാടനം ചെയ്യും. മൂന്നാം ദിവസം മുൻ എം.പി. ഡോ. ചാൾസ് ഡയസ് ഉദ്ഘാടനം ചെയ്യും.

സൂനഹദോസ്

1599 ജൂൺ 20 മുതൽ 26 വരെ നടന്ന യോഗമാണ് ഉദയംപേരൂർ സൂനഹദോസ്. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തിരസ്കരിക്കാൻ സൂനഹദോസ് ആഹ്വാനം ചെയ്തു.

ക്രൈസ്തവ വൈദികർക്കിടയിലും വ്യാപകമായിരുന്ന ആഭിചാരകർമ്മങ്ങൾ, ബഹുഭാര്യാത്വം, ബഹുഭർതൃത്വം, ബാലവിവാഹം, അയിത്തം തുടങ്ങിയ അത്യാചാരങ്ങൾക്ക് ബിഷപ്പ് വിലക്കേർപ്പെടുത്തി. ആഭിചാരകങ്ങളുടെയും അനാചാരങ്ങളുടെയും പനയോല ലിഖിതങ്ങൾ അദ്ദേഹം ചുട്ടകരിച്ചു.