1

തോപ്പുംപടി: വഴിതെറ്റി കൊച്ചിയിലെത്തിയ പതിനാലുകാരന് സുരക്ഷ ഒരുക്കിയ സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം.ഒപ്പം വകുപ്പ് തല അംഗീകാരവും.തോപ്പുംപടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ശ്രീനാഥ്, സനൽകുമാർ എന്നിവരാണ് മാനുഷികതയുടെ കരസ്പർശവുമായത്. തോപ്പുംപടി ജംഗ്ഷനിൽ ഡ്യൂട്ടിയിൽ നിൽക്കെയാണ് ബസ് സ്റ്റോപ്പിൽ ഒരു ബാലൻ ചുരുണ്ടുകൂടി ഉറങ്ങുന്നുത് ഇവർ കണ്ടത്. ചെന്ന് വിളിച്ചപ്പോൾ കുട്ടി തീരെ അവശനായിരുന്നു .ഭക്ഷണം വാങ്ങി നൽകി. ക്ഷീണം മറിയതോടെ സംസാരിക്കാൻ തുടങ്ങി. ഹിന്ദിയിലായിരുന്നു സംസാരം. പേര് നവാസാണെന്ന് പറഞ്ഞു. വീട് വിട്ടിറങ്ങിയതാണ്. എങ്ങിനെയോ ഇവിടെ എത്തി. കുട്ടി പൊലീസുകാരോട് കാര്യങ്ങൾ പറഞ്ഞു. ഉടൻ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ച് കുട്ടിക്ക് സുരക്ഷ ഒരുക്കാനുള്ള നടപടി ആരംഭിച്ചു. എന്നാൽ കൊവിഡ് ടെസ്റ്റ് നടത്താതെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഇവർ അറിയിച്ചതോടെ നിരാശരായി. പിന്നീട് പൊലീസുകാർ സ്വന്തം ചിലവിൽ ടെസ്റ്റ് നടത്തി കുട്ടിക്ക് രോഗമില്ലെന്ന് ഉറപ്പ് വരുത്തുകയും പള്ളുരുത്തി ഡോൺ ബോസ്ക്കോ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ സംഭവം വൈറലായതോടെ പൊലീസുകാർക്ക് ആശംസകളുടെ കുത്തൊഴുക്കായി. ഇങ്ങിനെയാണ് വിവരം മേലുദ്യോഗസ്ഥർ അറിയുന്നത്. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് സ്വദേശിയാണ് ശ്രീനാഥ്.സനൽകുമാർ അരൂർ സ്വദേശിയും.കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു വരികയാണ്.