കൊച്ചി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായ കുമ്പളങ്ങിയിൽ സ്‌പെഷ്യൽ വാക്‌സിനേഷൻ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ്. ഇവിടെ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 40.1% ആണ്. ഓരോ ജില്ലയിലെയും കൊവിഡ് രോഗ വ്യാപന സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.കുട്ടമ്പുഴ പഞ്ചായത്തിൽ കൂടുതൽ പേർക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് മെഗാ ടെസ്റ്റിംഗ് നടത്തിയതിന്റെ ഫലമായി 301 പോസിറ്റീവ് കേസുകൾ കണ്ടെത്തി​. പോസിറ്റീവായവരെ തുടർ ചികിത്സയ്ക്കായി ഡി.സി.സി ലേക്ക് മാറ്റി. ഇവിടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഫസ്റ്റ് ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.