കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ചു ചേർത്തു. കെ.എസ്.ആർ.ടി.സി. യുടെ നിലവിലെ ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നിടത്ത് കൊമേഴ്‌സ്യൽ ഷോപ്പിംഗ് കോംപ്ലക്‌സും കാരിക്കാമുറി ഭാഗത്ത് പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതിനുമുള്ള പ്രൊപ്പോസൽ യോഗത്തിൽ അവതരിപ്പിച്ചു. മേയർ എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.എൽ.എ. ടി.ജെ.വിനോദ്, കെ.എസ്.ആർ.ടി.സി. മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ, ജില്ലാ കളക്ടർ എസ്.സുഹാസ്, ഡി.സി.പി. ഐശ്വര്യ ഡോങ്ക്രേ, നഗരസഭാ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാരായ സുനിത ഡിക്‌സൺ, ജെ. സനിൽമോൻ, ഡിവിഷൻ കൗൺസിലർ, നഗരസഭ, കെ.എസ്.ആർ.ടി.സി, കെ.എം.ആർ.എൽ., ഇറിഗേഷൻ, റവന്യൂ, ട്രാഫിക് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
തീരുമാനങ്ങൾ ഇവ
ഷോപ്പിംഗ് കോംപ്ലക്‌സിൻന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറായാൽ നഗരസഭ ആവശ്യമായ അനുമതി നൽകും.
ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയായാൽ കാരിക്കാമുറിയിൽ കെ.എസ്.ആർ.ടി.സി. യുടെ പുതിയ ബസ് സ്റ്റാൻഡിന്റെ നിർമ്മാണമാരംഭിക്കും.
ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതി നിലവിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടന്നുവരികയാണ്. നാളിതുവരെ ചെലവഴിച്ചിട്ടുള്ള തുകയ്ക്ക് പുറമേ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും വകയിരുത്തിയിട്ടുള്ള 10 കോടി രൂപയും കൂടി വിനിയോഗിച്ച് ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതി പൂർത്തീകരിക്കും
കെ.എസ്.ആർ.ടി.സി ബസ് സ്റ്റിന്റിന് സമീപത്തെ രണ്ട് ബെൽമൗത്ത് ഭാഗങ്ങളിലെ സ്ഥലം ഏറ്റെടുടുത്ത് ബസ് സ്റ്റാൻഡിലേക്കുളള യാത്രാ തടസം ഒഴിവാക്കും.
ബസ് സ്റ്റാന്റ് പരിസരത്ത് സമ്പൂർണ്ണ ലൈറ്റിംഗ് സംവിധാനം ഏർപ്പെടുത്തും
മുല്ലശേരി കനാൽ പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പഠനം നടത്താൻ ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയറുടെ നേതൃത്വത്തിൽ ഒരു ടീമിനെ നിയോഗിക്കും.