കൊച്ചി: സംവിധായിക അയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ കേസ് നൽകിയതിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിലെ ബി.ജെ.പിയിൽ കൂട്ടരാജി. സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് മുള്ളിപ്പുരയടക്കം 12 നേതാക്കളാണ് ലക്ഷദ്വീപ് ഘടകം പ്രസിഡന്റിന് രാജി സമർപ്പിച്ചത്.
ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗം ഉമ്മുൽകുൽസു പുതിയപുര, ഖാദി ബോർഡ് അംഗം സൈഫുല്ല പക്കിയോട, ചെത്ത് ലത്ത് യൂണിറ്റ് പ്രസിഡന്റ് ജാബിർ സാലിഹത്ത് മൻസിൽ, അബ്ദുൽ സമദ് ചെക്കിത്തിയോട, അൻഷാദ് സൗഭാഗ്യവീട്, അബ്ദുൽ ഷുക്കൂർ കൂടത്തപ്പാട, നൗഷാദ് പണ്ടാരം, ചെറിയകോയ കല്ലില്ലം, ബാത്തിഷ മൈദാനച്ചെറ്റ, ആർ.എം. മുഹമ്മദ് യാസീൻ, മുനീർ മൈദാൻമാളിക എന്നിവരാണ് രാജിവെച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ദ്വീപിലെ പ്രശ്‌നങ്ങൾ ചർച്ചചെയ്ത ദ്വീപ് പ്രസിഡന്റ് ഇപ്പോൾ നടത്തിയത് ശരിയായ നടപടിയല്ലെന്ന് അവർ രാജിക്കത്തിൽ പറഞ്ഞു.
ഒരു കൊവിഡ് കേസുപോലുമില്ലാതിരുന്ന ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ ചെയ്തികളാണ് രോഗവ്യാപനത്തിന് കാരണമായതെന്ന് പറഞ്ഞതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി പരാതി നൽകിയതിൽ പ്രതിഷേധം അറിയിക്കുന്നതായി അവർ വ്യക്തമാക്കി.
പ്രഫുൽ പട്ടേൽ 16ന് ദ്വീപിലെത്തും
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽകുമാർ പട്ടേൽ ജൂൺ 16ന് ദ്വീപിലെത്തുമെന്ന് ഭരണകൂടത്തിന് അറിയിപ്പ് ലഭിച്ചതായി സൂചന.