തൃപ്പൂണിത്തുറ: മാനസികമായി വെല്ലുവിളി നേരിടുന്ന യുവാവിനെ കാക്കുന്നത് മിണ്ടാപ്രാണികളായ നായ്ക്കൾ. ഇനിയും പ്രവർത്തനം തുടങ്ങാത്ത കണ്ണംകുളങ്ങര ടി.കെ. രാമകൃഷ്ണൻ മെമ്മോറിയൽ മാളിലെ വരാന്തയിലാണ് ഈ കൂട്ടുകാർ ഒന്നിച്ച് അന്തിയുറങ്ങുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് തനിക്ക് ലഭിക്കുന്ന ആഹാരത്തിൽ ഒരു പങ്ക് പകുത്ത് നൽകി തുടങ്ങിയതാണ് ഈ സ്നേഹം. സമീപത്തെ വീട്ടിൽ അച്ഛനും അമ്മയുമുണ്ട്. പക്ഷേ, വിഷ്ണുവിനിഷ്ടം ഇവർക്കൊപ്പം കടവരാന്തയിൽ കിടക്കുന്നതാണ്.
ഏഴാം ക്ലാസ് വരെ സാധാരണ കുട്ടികളെ പോലെയായിരുന്നു വിഷ്ണു. പിന്നെ, മെല്ലെ മാനസിക വളർച്ചയിൽ പിന്നോട്ടായി. ഭാഗികമായ തിരിച്ചറിവുണ്ട്. വിഷ്ണു എന്ന് ആളുകൾ വിളിക്കുന്നത് തന്നെയാണെന്ന് മനസ്സിലാക്കും. കൂലിവേലക്കാരാണ് മാതാപിതാക്കൾ. വിഷ്ണുവിന്റെ മാനസിക നില തെറ്റിയ നാൾ മുതൽ പിതാവ് മദ്യത്തിനടിമയായി. അമ്മയും പൊലീസും പറഞ്ഞാൽ മാത്രം വിഷ്ണു അനുസരിക്കും. അമ്മയാണ് ആഹാരവും വസ്ത്രങ്ങളും നൽകുന്നത്.
എന്ത് കിട്ടിയാലും നായ്ക്കൾക്കൊപ്പമിരുന്നേ കഴിക്കൂ. നായ്ക്കൾക്ക് വാരിക്കൊടുക്കുന്നതോടൊപ്പം താനും കഴിക്കും. കയ്യിൽ കരുതിയ ടവൽ കൊണ്ട് മുഖം തുടയ്ക്കുന്നതോടൊപ്പം കൂട്ടുകാരുടെയും മുഖം വൃത്തിയാക്കും. ഇടയ്ക്ക് വീട്ടിൽ പോയാൽ നായ്ക്കളോട് അമ്പലത്തിൽ പോകാൻ വിഷ്ണു നിർദ്ദേശിക്കും. അത് അനുസരിക്കുന്ന കാഴ്ച നിത്യ സംഭവമാണെന്ന് കൊവിഡ് കാലത്തെ വാഹന പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന ഹിൽ പാലസ് പൊലീസിലെ ട്രാഫിക്ക് വിഭാഗം പറയുന്നു. കൂടാതെ അപരിചിതർ വിഷ്ണുവിന്റെ സമീപത്ത് ചെന്നാൽ നായ്ക്കൾ കുരച്ചു രക്ഷിക്കാനെന്ന പോലെ പാഞ്ഞെത്തുന്നത് കൗതുകകരമാണ്.
നഗരസഭയും ആരോഗ്യ വകുപ്പും മുൻകൈയെടുത്ത് വേണ്ട ചികിത്സ നൽകാൻ തയ്യാറായാൽ വിഷ്ണുവിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ആകും. എന്നാൽ ചങ്ങാതിമാരെ ഉപേക്ഷിച്ച് എങ്ങും പോകാൻ തയ്യാറല്ല. ഈ സാഹചര്യത്തിൽ നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ സഹായത്തോടെ ടെലി മെഡിസിൻ കൺസൾട്ടേഷൻ നൽകാനാകുമോ എന്ന ആലോചനയിലാണ് നാട്ടുകാർ. അധികാരികളും സന്നദ്ധ സംഘടനകളും ഇതിനായി മുൻകൈയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.