കോതമംഗലം : ടാറിംഗ് കഴിഞ്ഞതിന്റെ മൂന്നാംപക്കം മഴയത്ത് റോഡ് ഒലിച്ചുപോയി. ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും സാക്ഷിയായ റോഡാണ് ഊരംകുഴി കോട്ടപ്പടി കണ്ണക്കടറോഡ്. 2018 ൽ നിർമ്മാണം ആരംഭിച്ച ഈ റോഡ് 2021 ആയിട്ടും പൂർണമായും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. അതിനിടയിലാണ് കോട്ടപ്പടി കണ്ണക്കട റോഡിൽ കല്ലുളി ഭാഗത്ത് റോഡ് ഒലിച്ചു പോയത്. ബി.എം.ബി.സി നിലവാരത്തിൽ പൂർത്തീകരിച്ചു എന്ന് അവകാശപ്പെടുന്ന റോഡാണ് ഒരു മഴയത്ത് ഒലിച്ചു പോയത്!. നിലവിൽ ടാറിംഗ് പൂർത്തീകരിച്ച പലഭാഗത്തും റോഡുകൾ പൊളിഞ്ഞു തുടങ്ങിയത് നിർമ്മാണത്തിലെ കൃത്രിമത്വം ആണ് ചൂണ്ടിക്കാണിക്കുന്നത്. ടാറിംഗ് കഴിഞ്ഞതിനെ പിറ്റേദിവസം തന്നെ കോട്ടപ്പടി ഹൈസ്കൂൾ ജംഗ്ഷനിലെ ടാറിംഗ് പൊളിഞ്ഞു പോയത് ജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഊരംകുഴി കണ്ണക്കട റോഡിന്റെ പണി പല മേഖലയിലും പൂർത്തീകരിക്കാൻ ഉണ്ട്. കല്ലുമല കയറ്റത്തിന്റെ ഭാഗത്ത് യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്താതെ തന്നെ റോഡ് പണി പൂർത്തീകരിച്ചു എന്ന് അധികാരികൾ അവകാശപ്പെടുന്നത്. നീണ്ട വർഷങ്ങളുടെ സമരത്തിന്റെ ഭാഗമായിട്ടാണ് റോഡ് പണി ആരംഭിക്കാൻ കഴിഞ്ഞത്. റോഡ് നിർമ്മാണത്തിലെ അപാകത ഉടൻ മാറ്റിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് ഒരുങ്ങുകയാണ് കോട്ടപ്പടിയിലെ ജനങ്ങൾ.
"കല്ലുമല കയറ്റത്തിന് ഭാഗത്ത് റോഡ് പണി പൂർത്തീകരിക്കാത്തത് നിലവിൽ അവിടെ താമസക്കാരായിരിക്കുന്ന രണ്ടു വീട്ടുകാരെ പഞ്ചായത്തധികൃതർ ഒഴിപ്പിക്കാത്തതു കൊണ്ടാണ്. താമസക്കാരെ ഒഴിപ്പിച്ചാൽ മാത്രമേ കല്ലുമല കയറ്റത്തിൽ വീതി കൂട്ടുവാൻ സാധിക്കുകയുള്ളൂ."
എക്സിക്യൂട്ടീവ് എഞ്ചിനീയർ ,പി.ഡബ്ള്യു.ഡി
"കിഫ്‌ബി മാനദണ്ഡമനുസരിച്ചു പണിതു എന്ന് അവകാശപ്പെടുന്ന റോഡ് തീർത്തും അശാസ്ത്രീയമായ രീതിയിലാണ് പണിതത് എന്ന് വ്യക്തമാണ്. ബി.എം.ബി.സി നിലവാരം എന്നത് പേപ്പറിൽ മാത്രം കാണാനുള്ളതാണെന്ന് ഈ റോഡ് ചെയ്ത കോൺട്രാക്ടർ കാണിച്ചു തന്നു. ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടും എന്നാണ് വിശ്വസിക്കുന്നത്."
അമൽ, നാട്ടുകാരൻ