കൊച്ചി: മഴയിലും കൊവിഡിലും ലോക്ക്ഡൗണിലും ജീവിതം വഴിമുട്ടി ഇറച്ചിക്കോഴി കർഷകർ. പ്രതിസന്ധികൾക്കിടയിൽ കോഴിത്തീറ്റ ക്ഷാമവും തീറ്റയുടെ വില വർദ്ധനയും കർഷകരെ കടക്കെണിയിലാക്കി.
നൂറിനു മുകളിൽ വിലയുണ്ടായിരുന്ന ഇറച്ചിക്കോഴിക്ക് ഇപ്പോൾ മൊത്തവില 60 - 62 രൂപ. കച്ചവടക്കാർ വില്ക്കുന്നത് 80-82 രൂപയ്ക്ക്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലോഡുകളും നിലച്ചതോടെ കേരളത്തിൽ കോഴിക്ക് ക്ഷാമവുമുണ്ട്.

ഇതിനുപുറമെയാണ് കോഴിത്തീറ്റയുടെ വില കൂടിയത്. തീറ്റയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ കിട്ടാതായതും ക്ഷാമത്തിനും വില വർധനയ്ക്കും കാരണമായി.
സേലം, ഈറോഡ്, ഭദ്രാവതി, ബംഗ്ലൂരു എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് കോഴിത്തീറ്റ എത്തുന്നത്. 1500 രൂപയായിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2100 രൂപ വരെയായി​.
കാലവർഷം എത്തിയതോടെ കർഷകർ ഉത്പാദനം കുറച്ചിരിക്കുകയാണ്. തണുപ്പിൽ കോഴിക്കുഞ്ഞുങ്ങൾക്ക് രോഗമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണിത്. കൂടാതെ കർഷകരിൽ പലരും കൊവിഡ് ബാധിതരുമായതിനാൽ കൃഷി​യി​ൽ ശ്രദ്ധ കുറഞ്ഞതും പ്രശ്നമാണ്.

കോഴിത്തീറ്റയ്ക്ക് ആവശ്യമുള്ള അസംസ്കൃത വസ്തുക്കളായ ചോളം, സോയാബീൻ എന്നിവ മറ്റുരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ്. ഇത് കോഴിത്തീറ്റ ഉത്പാദനത്തെ ബാധിക്കുന്നുണ്ട്. ഇതിനു പരിഹാരം കാണണം. നിലവിൽ കോഴി ഉത്പാദനം കുറഞ്ഞതിനാൽ വരുന്ന മാസങ്ങളിൽ കോഴി വില വർദ്ധിക്കാനും സാദ്ധ്യതയുണ്ട്.

എസ്.കെ. നസീർ

ഓൾ കേരള പൗൾട്രി ഫെഡറേഷൻ, ജനറൽ സെക്രട്ടറി,