മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി.റീബിൽഡ് കേരള പദ്ധതി വഴിയാണ് നിർമ്മാണം പൂർത്തിയാക്കുക. രണ്ട് റോഡുകളുടെ നവീകരണത്തിന് 155.65 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ-തേനി ഹൈവേയുടെ ഭാഗമായ മൂവാറ്റുപുഴ ചാലിക്കടവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് മൂവാറ്റുപുഴ നിയോജക മണ്ഡലാതിർത്തിയായ പെരുമാംകണ്ടത്ത് അവസാനിക്കുന്ന കോട്ട റോഡിന് 87.74 കോടി രൂപയും കക്കടാശേരിയിൽ നിന്നും ആരംഭിച്ച് മൂവാറ്റുപുഴ നിയോജക മണ്ഡലാതിർത്തിയായ ഞാറക്കാട് അവസനിക്കുന്ന കാളിയാർ, വണ്ണപ്പുറം റോഡിന് 67.91 കോടി രൂപയും അനുവദിച്ചത്.
ഇതിന്റെ ടെൻഡർ നടപടികൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കിയിരുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനായില്ല. ഡൽഹി ആസ്ഥാനമായുള്ള ലൂയിസ് ബർഗർ കൺസൾട്ടൻസിയുടെ നേതൃത്വത്തിലാേണ് സർവേ നടപടികൾ പൂർത്തിയാക്കിയത്. എൽ ആൻഡ് ടി ഏജൻസിയാണ് ഡി.പി.ആർ, എസ്റ്റിമേറ്റ് തയ്യാറാക്കിയത്. കെ.എസ്.ടി.പിക്കാണ് നിർമ്മാണ ചുമതല. കൊച്ചി-മധുര ദേശീയ പാതയിലെ ചാലിക്കടവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ഇടുക്കി ജില്ലാ അതിർത്തിയായ പെരുമാംകണ്ടത്ത് അവസാനിക്കുന്ന 15.75- കിലോമീറ്റർ വരുന്ന കോട്ടറോഡ് മൂവാറ്റുപുഴ - തേനി ഹൈവേയുടെ ഭാഗമാണ്. മൂവാറ്റുപുഴ നഗരസഭ, ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന റോഡിലെ പ്രധാന കവലകളും, വളവുകളും, പാലങ്ങളും, കലുങ്കുകളും, ഓടകളുമെല്ലാം പുനർനിർമിച്ച് മനോഹരമാക്കുന്നതാണ് പദ്ധതി. ഇതോടൊപ്പം റോഡ് ലെവൽ ചെയ്യുന്നതിന്റെ ഭാഗമായി റോഡിലെ കയറ്റങ്ങളെല്ലാം ലവൽ ചെയ്യും. റോഡ് ഡി.ബി.എം ആൻഡ് ബി.സി.നിലവാരത്തിലാണ് ഏഴ് മീറ്റർ വീതിയിൽ ടാർ ചെയ്യുന്നത്. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് എളുപ്പത്തിൽ ഇടുക്കിയിൽ എത്തിച്ചേരാനാകും.
കേരളത്തെയും തമിഴ്നാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂവാറ്റുപുഴ -തേനി ഹൈവേക്ക് 185 കിലോമീറ്റർ ദൂരമാണുള്ളത്
എറണാകുളം ജില്ലയിൽ 15 കിലോമീറ്ററും ഇടുക്കി ജില്ലയിൽ 140 കിലോമീറ്ററും തമിഴ്നാട്ടിൽ 30 കിലോമീറ്ററും ഉൾപ്പെടുന്നതാണ് നിർദിഷ്ട മൂവാറ്റുപുഴ-തേനി ഹൈവേ
മൂവാറ്റുപുഴയ്ക്ക് അഭിമാന നേട്ടം
നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തിയത് മൂവാറ്റുപുഴക്ക് അഭിമാന നേട്ടമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫണ്ട് അനുവദിച്ചിരുന്ന ഇൗ രണ്ട് റോഡുകളുടെയും നിർമ്മാണം പൂർത്തിയാകുന്നതോടെ മൂവാറ്റുപുഴയുടെ വികസന സാദ്ധ്യതകൾ വിപുലപ്പെടും.
ഗോപി കോട്ടമുറിക്കൽ,കേരള ബാങ്ക് പ്രസിഡന്റ്