മൂവാറ്റുപുഴ: ആഭ്യന്തര വിനോദ സഞ്ചാരികൾക്കായി മൂവാറ്റുപുഴയിൽ അർബൻ ടൂറിസം ഹബ്ബിന് രൂപം നൽകാൻ തീരുമാനമായി. മൂവാറ്റുപുഴയെ ജില്ലയിലെ വാട്ടർ സ്പോർട്സ് ഹബ്ബാക്കി മാറ്റും. നഗരസഭയും സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.നഗരസഭ ഡ്രീം ലാൻഡ് പാർക്ക് ആസ്ഥാനമാക്കിയാണ് ടൂറിസം ഹബ്ബിന് രൂപം നൽകുക. നിലവിലുള്ള പാർക്ക് ലോകോത്തര നിലവാരത്തിൽ നവീകരിക്കും. വൈവിധ്യമാർന്ന ഭക്ഷണ പാനീയങ്ങൾ ലഭിക്കുന്ന റസ്റ്റോറന്റായിരിക്കും പാർക്കിലെ മുഖ്യ ആകർഷക ഇനം. കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ കഴിയുന്ന സാഹസിക റെയ്ഡുകൾ സ്ഥാപിക്കും. ഇതോടനുബന്ധിച്ച് തൊടുപുഴ ആറിനു കുറുകെ പാർക്കുമായി ബന്ധിപ്പിച്ച് ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമ്മിക്കും. പ്രളയ സമയത്ത് അഴിച്ചുമാറ്റി സൂക്ഷിക്കാൻ കഴിയുന്ന തരത്തിൽ ആയിരിക്കും പാലം നിർമ്മിക്കുക. പ്രതിദിനം 7000 മുതൽ 8000 വരെ ആളുകൾക്ക് വിനോദങ്ങളിൽ ഏർപ്പെടുന്നതിന് ഉള്ള സൗകര്യമാകും ഒരുക്കുക. എല്ലാ വർഷവും ഫെസ്റ്റ് സംഘടിപ്പിക്കും. ഇതിനു പുറമേ തൊടുപുഴ മൂവാറ്റുപുഴ ആറുകളിൽ ബോട്ട് സർവീസ് ആരംഭിക്കും. പാർക്ക് മുതൽ ചാലിക്കടവ് പാലം, കച്ചേരിത്താഴം വരെ ആദ്യഘട്ടത്തിൽ ഉല്ലാസ ബോട്ട് യാത്ര ഒരുക്കും. വാട്ടർ സ്പോർട്സ് ലക്ഷ്യമിട്ട് കയാക്കി, തുഴവഞ്ചി എന്നിവ പുഴയിൽ ഇറക്കും. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ, നഗരസഭാ ചെയർമാൻ പി.പി എൽദോസ്, ടൂറിസം സെക്രട്ടറി എ.ഷാഹുൽ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എസ്. വിജയകുമാർ, തിരുവിതാംകൂർ ദേവസ്വം ചീഫ് എൻജിനീയർ എസ്. കൃഷ്ണകുമാർ, ടൂറിസം കൺസൾട്ടന്റ് ജി മഹേഷ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരായ പി.എം ആശ, ഷാജി എം.ചാണ്ടി എന്നിവർ ചർച്ച നടത്തി.