കൊച്ചി: നഗരത്തിന്റെ പലഭാഗത്തും ഡെങ്കി പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മേയർ അഡ്വ.എം.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വൈറ്റില ജനത, നോർത്ത്, കറുകപള്ളി, കാരണകോടം, മാമംഗലം, പനമ്പള്ളി നഗർ, പച്ചാളം, ചക്കാമാടം പ്രദേശങ്ങളിലാണ് അടുത്ത ദിവസങ്ങളിൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തത്. അതത് കൗൺസിലർമാരുടെ നേതൃത്വത്തിൽ വെക്ടർ കൺട്രോൾ യൂണിറ്റിലെ ഡോക്ടർമാർ, റെസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുൾപ്പെടുന്ന ഡിവിഷൻതല മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കുവാൻ തീരുമാനിച്ചു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊതുക് വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കപ്പെടുന്നുണ്ടെന്നുള്ള പരിശോധന ശക്തമാക്കും. വെള്ളിയാഴ്ചകളിൽ സ്‌കൂളുകളിലും, ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തും. കൊതുക് സാന്ദ്രത കൂടുതലായി അനുഭവപ്പെടുന്ന ഇടങ്ങളിൽ ഫോഗിംഗും ഹാന്റ് സ്‌പ്രേയിംഗും ശക്തമാക്കുവാനും തീരുമാനിച്ചു.'ഡെങ്കിപനി പ്രതിരോധം വീട്ടിൽ നിന്നും ആരംഭിക്കാം എന്നതാണ് ഈ വർഷത്തെ സന്ദേശം. ഹെൽത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ്, വെക്ടർ കൺട്രോൾ യൂണിറ്റിലെ ഡോക്ടർ വിനോദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.