തൃക്കാക്കര: സംസ്ഥാനത്ത് ബാലവേല പൂർണമായി അവസാനിപ്പിക്കാൻ യോജിച്ച പ്രവർത്തനം അനിവാര്യമാണെന്ന് ലേബർ കമ്മിഷണർ ഡോ.എസ്.ചിത്ര പറഞ്ഞു. ഇന്ത്യയിലെ ബാലവേല നിരോധന നിയമങ്ങളും വസ്തുതകളും, ഒരുആമുഖം" എന്ന വിഷയത്തിൽ തൊഴിൽ വകുപ്പും ചൈൽഡ് ലൈനും ചൈൽഡ് വെൽഫയർ കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അവർ.ഇക്കാര്യത്തിൽ പൊതുജനങ്ങളുടെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹകരണത്തോടെ ശക്തമായ എൻഫോഴ്‌സ്മെന്റും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും. ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ബൈറ്റി. കെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ടീന ചെറിയാൻ ക്ലാസ്‌ എടുത്തു. ജില്ലാ ലേബർ ഓഫീസർ(ഇ) പി. എം. ഫിറോസ് സ്വാഗതവും, ചൈൽഡ് ലൈൻ ഡയറക്ടർ ഫാദർ. ജോസഫ് സിഎംഐ നന്ദിയും പറഞ്ഞു. എറണാകുളം ജില്ലയിൽ തൊഴിൽ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി എറണാകുളത്ത് തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്ഥാപനങ്ങളിൽ ബാലവേല വിരുദ്ധപ്രതിജ്ഞയെടുത്തു. കാക്കനാട് സിവിൽ സ്റ്റേഷനിൽ ജില്ലാ ലേബർ ഓഫീസർ(ജനറൽ) പി.എസ്. മാർക്കോസ് ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.