ആലുവ: ആലുവ മെട്രോ സ്റ്റേഷനിലേക്ക് കുടിവെള്ളമെത്തിക്കുന്ന 110 എം.എമ്മിന്റെ ഭൂഗർഭ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ബൈപ്പാസ് ചെളിക്കുളമായി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ബൈപ്പാസിൽ നിന്നും മെട്രോക്ക് മുമ്പുള്ള സമാന്തര റോഡിലേക്ക് തിരിയുന്നിടത്ത് പൈപ്പ് പൊട്ടിയത്. വാട്ടർ അതോറിട്ടിയിൽ നിന്നും മെട്രോയുടെ ആവശ്യത്തിനായി മാത്രം വരുന്ന പൈപ്പാണിത്. പൈപ്പിന്റെ അറ്റത്തെ അടപ്പ് തള്ളിപ്പോയതാണ് കാരണം. ഈ ഭാഗത്ത് നടപ്പാത നിർമ്മിക്കുന്നതിനായി റോഡ് മണ്ണടിച്ച് ഉയത്തിയ ഭാഗമായതിനാൽ അറ്റകുറ്റപ്പണിക്ക് മിനി ജെ.സി.ബി ഉപയോഗിച്ച് ഏറെ പണിപ്പെടേണ്ടി വന്നു. പത്തടിയോളം ആഴത്തിലായിരുന്നു പൈപ്പ്. മെട്രോ സ്റ്റേഷന്റെ ബൈപ്പാസ് ഭാഗത്തെ കവാടമെല്ലാം ചെളിക്കുളമായി. മഴയുണ്ടായതും മെട്രോ സർവീസും യാത്രക്കാരുമില്ലാത്തതും അനുഗ്രഹമായി.