ആലുവ: 'എന്റെ അവസ്ഥ മനസിലാക്കി തുടർ പഠനത്തിന് സ്മാർട്ട് ഫോൺ വാങ്ങി നൽകിയ എസ്.പി യ്ക്ക് നന്ദി....' ഫോൺ കിട്ടിയ സന്തോഷത്തിൽ മേഘനാഥൻ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് അയച്ച സന്ദേശമാണിത്. കഴിഞ്ഞ ദിവസം ചോറ്റാനിക്കര സ്വദേശിയും ബി.എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പഠിക്കുന്ന മേഘനാഥൻ റൂറൽ ജില്ലാ പൊലീലീസ് മേധാവിയ്ക്ക് ഒരു മെയിൽ അയച്ചിരുന്നു.'സർ എനിക്ക് ഒൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാൻ മൊബൈൽ ഫോണില്ല. വാങ്ങാൻ പണവുമില്ല.സഹായിക്കുമോ' അദ്ദേഹം സംഭവത്തിൻറെ നിജസ്ഥിതി അന്വേഷിക്കാൻ ഉടൻ ചോറ്റാനിക്കര എസ്.എച്ച്.ഒ ജി.സന്തോഷ്‌കുമാറിനെ എസ്.പി ചുമതലപ്പെടുത്തി. സംഭവം സത്യമാണെന്ന് എസ്.എച്ച്.ഒ റിപ്പോർട്ടും നൽകിയതിന് പിന്നാലെ വിദ്യാർത്ഥിയ്ക്ക് ഫോൺ നൽകുകയായിരുന്നു. ഒപ്പം പഠിച്ച് മിടുക്കാനാകാനുളള ആശംസയും.തന്റെ അവസ്ഥ മനസിലാക്കി ഫോൺ സമ്മാനിച്ച എസ്.പി യെ നേരിട്ട് കണ്ട് നന്ദി അറിയിക്കാനിരിക്കുകയാണ് മേഘനാഥൻ.മറ്റൊരു സംഭവം ആലുവയിലും ഉണ്ടായി.ഏഴാം ക്ലസിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്ക് സർപ്രൈസുമായാണ് പൊലീസെത്തിയത്. ഒൺലൈൻ ക്ലാസിൽ പങ്കെടുക്കുവാൻ മൊബൈൽ ഫോൺ ഇല്ലെന്നതായിരുന്നു കൊച്ചുമിടുക്കിയുടെ സങ്കടം. പുതിയത് വാങ്ങിക്കൊടുക്കാൻ അച്ചനുമമ്മയ്ക്കും നിവൃത്തിയില്ല. നിത്യവൃത്തിക്കു തന്നെ ബുദ്ധിമുട്ട്. താമസമാണെങ്കിൽ വാടക വീട്ടിൽ. അങ്ങനെയിരിക്കെയാണ് ഫോണില്ലാത്ത സങ്കടം പൊലീസിനെ അറിയിക്കുന്നത്. എസ്.പി യുടെ നിർദേശത്തെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ പുതിയ ഫോണുമായി ആലുവ ഈസ്റ്റ് പൊലീസ് വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി.എസ്.ഐ വിപിൻ ചന്ദ്രൻ ഫോൺ കൈമാറി.ഫോൺ കിട്ടിയപ്പോൾ കുട്ടിക്ക് സന്തോഷം. ജനമൈത്രി സി.ആർ. ഒ പി. സുരേഷ്, എസ്.സി.പി. ഒ സജീവ് കുമാർ എന്നിവരും പങ്കെടുത്തു.