ആലുവ: പൊതുകിണറുകളും കുളങ്ങളുമെല്ലാം സംരക്ഷിക്കുന്നതാണ് സർക്കാർ നയമെങ്കിലും തദ്ദേശസ്ഥാപങ്ങൾക്ക് അതൊന്നും വലിയ കാര്യമല്ല. കീഴ്മാട് ഗ്രാമപഞ്ചായത്ത് 19 -ാം വാർഡിൽ എടയപ്പുറം ഗുരുതേജസ് കവലക്ക് സമീപമുള്ള കിണർ കാടുകയറിയും മാലിന്യങ്ങൾ നിക്ഷേപിച്ചും ശോച്യാവസ്ഥയിലാണ്. മൂന്ന് വർഷം മുമ്പ് സമാനമായ സാഹചര്യമുണ്ടായപ്പോൾ 'കേരളകൗമുദി' വാർത്ത നൽകുകയും തുടർന്ന് പരിസരവാസികൾ നേരിട്ടെത്തി കിണറും പരിസരവും ശുചീകരിക്കുകയും ചെയ്തിരുന്നു. അന്നും പഞ്ചായത്ത് അധികാരികൾക്ക് അനക്കമൊന്നുമുണ്ടായില്ല. ചിലർ കിണറിന് സമീപം മാലിന്യം തള്ളുന്നതും പതിവാണ്. എടയപ്പുറം സബ് കനാൽ ബൈപ്പാസ് റോഡ് തുടങ്ങുന്നിടത്ത് റോഡ് നിരപ്പിൽ നിന്നും അഞ്ച് അടിയോളം ഉയരത്തിലാണ് കിണർ സ്ഥിതി ചെയ്യുന്നത്. പാറപ്പുറത്ത് പരേതനായ കൃഷ്ണന്റെ കുടുംബം സൗജന്യമായി പഞ്ചായത്തിന് വിട്ടുനൽകിയ സ്ഥലമാണിത്. ജലസേചന വകുപ്പിന്റെ കുടിവെള്ള പൈപ്പുകൾ വഴിയരികിൽ പൊതുടാപ്പുകളായും വീടുകളിലേക്കും എത്തിയതോടെയാണ് കിണറിന്റെ ഉപയോഗം കുറഞ്ഞത്. ഇതോടെ പരിസരം മാലിന്യ കൂമ്പാരമാകുകയും ചെയ്തു.
അടുത്ത കാലം വരെ ഭൂമി വിട്ടുനൽകിയയാളുടെ കുടുംബം മോട്ടർ ഉപയോഗിച്ച് കാർഷികാവശ്യത്തിനും മറ്റും കിണറിൽ നിന്ന് വെള്ളം ശേഖരിച്ചിരുന്നു. വെള്ളം മലിനമായതോടെ അതും അവസാനിച്ചു. ഇതോടെ കിണറിലെ വെള്ളവും മോശമായി. കിണറിനെ പൂർണമായും വള്ളിപ്പടർപ്പുകൾ മൂടിയ നിലയ നിലയിലാണ്. ഇവിടെ കിണർ ഉണ്ടെന്ന് പോലും അറിയില്ല.
കിണർ ശുചീകരിച്ച് കുടിവെള്ള യോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അലംഭാവം കാണിച്ചാൽ കൊവിഡ് മാനദണ്ഡം പാലിച്ച് സമരം ആരംഭിക്കുമെന്നും സലിമോൻ മുന്നിയിപ്പ് നൽകി.