kk

കൊച്ചി: സ്കൂൾ പ്രവേശനോത്സവത്തിൽ മൂന്നാം ക്ളാസുകാരൻ അക്കിലിസിനോട് അദ്ധ്യാപിക ചിത്രം വരച്ച് അയയ്ക്കാൻ പറഞ്ഞപ്പോൾ കടലാസിൽ തെളിഞ്ഞത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കാരിക്കേച്ചർ. അദ്ധ്യാപിക കൃഷ്ണസായിക്ക് അയയ്ക്കുമ്പോൾ അക്കിലിസിന് പേടി അത് ഇഷ്ടപ്പെടുമോ എന്നായിരുന്നു.

പക്ഷേ, ദിവസങ്ങൾ കഴിഞ്ഞപ്പോൾ ലഭിച്ചത് മന്ത്രിയുടെ നേരിട്ടുള്ള അഭിനന്ദനം.

ചിത്രവും അത് വരയ്ക്കുന്ന വീഡിയോയും സ്‌കൂളിന്റെ ഫേസ്ബുക്ക് പേജിലും അദ്ധ്യാപകരുടെ ഗ്രൂപ്പുകളിലും ഹിറ്റായതോടെ വിദ്യാഭ്യാസ മന്ത്രിയും കണ്ടു. അമ്മയുടെ മൊബൈലിലേക്ക് മന്ത്രി വിളിച്ച് കുഞ്ഞു ചിത്രകാരനെ അഭിനന്ദിച്ചപ്പോൾ, അമ്മ പറഞ്ഞിട്ടാണ് വരച്ചതെന്ന് നിഷ്കളങ്കമായി മറുപടി. ആദ്യമായാണ് കാരിക്കേച്ചർ വരച്ചതെന്നും പറഞ്ഞു. കാടും പുഴയും പൂക്കളുമെല്ലാം നന്നായി വരയ്ക്കുന്നതു കൊണ്ടാണ് മന്ത്രിയെ വരയ്ക്കാൻ പറഞ്ഞത്. രണ്ടു മണിക്കൂർകൊണ്ടാണ് വരച്ചത്.

കോഴിക്കോട് ജില്ലയിലെ വട്ടോളി ഗവ. യു.പി. സ്‌കൂളിലെ മൂന്നാം ക്ലാസുകാരനാണ് അക്കിലിസ്.

ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും അതിൽ അഭിരുചിയുള്ള അമ്മയാണ് അക്കിലിസിന്റെ ഗുരു. യാത്രയ്ക്കിടെ കാണുന്നതെന്തും അവൻ വേഗം പുസ്തകത്തിലേക്ക് പകർത്തും. മൊകേരി ഗവ. കോളേജ് അസിസ്റ്റന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ പ്രൊഫസറും എറണാകുളം ഇടക്കൊച്ചി സ്വദേശിയുമായ ഡോ. കെ.എസ്. ശരണിന്റെയും ചെന്നൈയിൽ അദ്ധ്യാപികയായിരുന്ന മേരി ബൊണിറ്റയുടെയും ഏക മകനാണ്.