കൊച്ചി: കോടതിയുടെ കുറ്റം ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉവ്വെന്നു മറുപടി പറഞ്ഞതുകൊണ്ടു മാത്രം പ്രതിയെ ശിക്ഷിക്കരുതെന്നും വസ്തുതകൾ പരിശോധിച്ച് പ്രതി കുറ്റം ചെയ്തോയെന്ന് വിവേചന ബുദ്ധിയോടെ തീരുമാനിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
2014ലെ സ്കൂൾ പ്രവേശന ഘോഷയാത്ര തടസപ്പെടുത്തിയ കേസിൽ പ്രതിയായ മലപ്പുറം ആനക്കയം സ്വദേശി റസീൻ ബാബുവിനെ പരപ്പനങ്ങാടി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചതു റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി. അരുൺ ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റം സമ്മതിച്ചെന്ന് പറഞ്ഞെങ്കിലും ഇതിന്റെ പരിണിതഫലം എന്താണെന്ന് അറിഞ്ഞിരുന്നില്ലെന്നും കേസിനെത്തുടർന്ന് ടെലി കമ്മ്യൂണിക്കേഷൻ കോൺസ്റ്റബിൾ തസ്തികയിലെ നിയമനം നിഷേധിച്ചെന്നും ചൂണ്ടിക്കാട്ടി റസീൻബാബു നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി. പ്രതി കുറ്റം സമ്മതിച്ചാലും ശിക്ഷ വിധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർണമായും പാലിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. കോടതികൾ സ്വീകരിക്കേണ്ട ഏഴു നടപടിക്രമങ്ങൾ വ്യക്തമാക്കുകയും ചെയ്തു. ഇൗ കേസിൽ പുനർവിചാരണ നടത്താനും ഉത്തരവിട്ടു.
നടപടിക്രമം
æ കുറ്റങ്ങൾ വ്യക്തമാക്കി കോടതി അവ ചുമത്തണം
æ കുറ്റങ്ങൾ പ്രതിയെ വായിച്ചു കേൾപ്പിച്ചു വിശദീകരിക്കണം
æ കുറ്റം ചെയ്തെന്ന് സമ്മതിക്കുന്നുവോയെന്ന് ചോദിക്കണം
æ കുറ്റസമ്മതം ആരോപണങ്ങൾ മനസിലാക്കി സ്വമേധയായുള്ളതാണെന്ന് ഉറപ്പാക്കണം
æ കുറ്റസമ്മതം പ്രതിയുടെ വാക്കുകളിൽ രേഖപ്പെടുത്തണം
æ വസ്തുതകൾ പരിശോധിച്ച് പ്രതി കുറ്റം ചെയ്തോയെന്ന് കോടതി വിവേചന ബുദ്ധിയോടെ തീരുമാനിക്കണം
æ കുറ്റസമ്മതം കോടതിക്കു സ്വീകാര്യമാണെങ്കിൽ മാത്രമേ ശിക്ഷാ നടപടികളിലേക്ക് കടക്കാവൂ