പെരുമ്പാവൂർ: കുറിച്ചിലക്കോട് മുതൽ പാണംകുഴി വരെയുള്ള റോഡ് നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും പരാതികൾ പരിഹരിക്കുന്നതിന് വേണ്ടിയും അഡ്വ. എൽദോസ് കുന്നപ്പള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ത്രിതല പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയകക്ഷി നേതാക്കൾ, പരാതി നൽകിയിട്ടുള്ള സംഘടനകളുടെ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ , അസിസ്റ്റന്റ് എൻജിനീയർ , ഓവർസിയർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
റോഡ് നിർമ്മാണത്തിന് നിലവാരം പരിശോധിക്കാൻ ക്വാളിറ്റി ടെസ്റ്റ് ചെയ്യുന്നതിനായി യോഗം തീരുമാനിച്ചു.
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു ജനകീയ ഓഡിറ്റിംഗ് വേണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. വീതി കുറഞ്ഞ പ്രദേശങ്ങൾ പരിശോധിച്ച് വീതി ലഭ്യമാക്കുന്നതിന് ഇടപെടുന്നതിനുമായി ജനകീയ കമ്മിറ്റി രൂപീകരിച്ചു.
വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റുന്നതിനും ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതിനും വേണ്ട നടപടി അടിയന്തരമായി സ്വീകരിക്കാനും എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.