ആലുവ: 50കാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും 11.40 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് 70കാരനെതിരെ ആലുവ പൊലീസ് കേസെടുത്തു. ആലങ്ങാട് കോട്ടപ്പുറം പത്തായപുരയക്കൽ വീട്ടിൽ പി.കെ.എം. അഷറഫിനെതിരെയാണ് കേസ്. ആലുവ യു.സി കോളേജിന് സമീപം മക്കൾക്കൊപ്പം താമസിക്കുന്ന കണ്ണൂർ താഴെച്ചൊവ്വ സ്വദേശിനിയായ സ്ത്രീ ആലുവ കോടതി മുമ്പാകെ പ്രതിക്കെതിരെ മൊഴി നൽകി. പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുമ്പോഴാണ് പരിചയപ്പെട്ടത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപവും ദേശത്തും പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയാണെന്ന് പറഞ്ഞാണ് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വീടിന്റെ പണയത്തുകയായി ലഭിച്ച 10 ലക്ഷം രൂപയും 1.40 ലക്ഷം രൂപയും വായ്പയായി വാങ്ങി. വിവാഹ വാഗ്ദാനം നൽകിയാണ് പണം വാങ്ങിയത്. ഒന്നര മാസത്തിലേറെ തന്റെ വീട്ടിൽ പ്രതി താമസിക്കുകയും ചെയ്തു. വിവാഹം രജിസ്റ്റർ ചെയ്യാൻ നടപടി ആരംഭിച്ച ശേഷം ഇയാളെ കാണാതായെന്നാണ് പരാതി. ആലുവ സി.ഐ പി.എസ്. രാജേഷിന്റെ നേതൃത്വത്തിലാണ് കേസെടുത്തത്.