പള്ളുരുത്തി: പെരുമ്പടപ്പ് - കുമ്പളങ്ങി പാലത്തിനു താഴെ വർഷങ്ങളായി ഉണ്ടായിരുന്ന വലിയ റിംഗ് കായലിലേക്ക് താഴ്ന്നു പോയി. ഇന്നലെ രാവിലെ ആറര മണിയോടെയാണ് സംഭവം. 30 വർഷം മുൻപ് പാലത്തിന്റെ രണ്ട് അറ്റത്തുമായി നാല് റിംഗുകൾ സ്ഥാപിച്ചിരുന്നു. അതിൽ ഒന്നാണ് ഇല്ലാതായത്. മഴക്കാലമായതിനാൽ ഇതിന് പുറത്ത് കയറിയിരുന്ന് പലരും ചൂണ്ടയിടുമായിരുന്നു. സമീപത്ത് മൽസ്യതൊഴിലാളികളും വഞ്ചിയിൽ മത്സ്യ ബന്ധനം നടത്തുമായിരുന്നു. എന്നാൽ ഈ ഭാഗത്ത് ഇന്നലെ ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
1984 ൽ ഈ പാലത്തിന് ശിലാസ്ഥാപന കർമ്മം നടത്തിയെങ്കിലും 12 വർഷം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. ആദ്യം ഏറ്റെടുത്ത കരാറുകാരൻ ജോലി നിർത്തി പോയതിനെ തുടർന്ന് പിന്നീട് വന്ന ഏഷ്യൻ ടെക് കമ്പനിയാണ് പാലം പണി പൂർത്തിയാക്കിയത്. റിംഗ് താഴ്ന്നു പോയതിനാൽ പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന് വിദഗ്ദ്ധ പരിശോധനയിലൂടെയേ അറിയാൻ കഴിയൂവെന്ന് സാമൂഹ്യ പ്രവർത്തകനായ വി.കെ.സുദേവൻ പറഞ്ഞു. സ്ഥലം എം.എൽ.എ, പൊതുമരാമത്ത് അധികൃതർ എന്നിവരെ വിവരം അറിയിച്ചിട്ടുണ്ട്. വലിയ കഴുക്കോൽ ഉപയോഗിച്ച് കായലിൽ കുത്തിനോക്കിയിട്ടും റിംഗ് കണ്ടെത്താൻ കഴിഞ്ഞില്ല. രാവിലെ ചൂണ്ടയിടാൻ വന്നയാളാണ് വിവരം നാട്ടുകാരെ അറിയിച്ചത്.