കുമ്പളങ്ങി: റാണിമണിയും രണ്ട് പെൺമക്കളും തിരക്കിലാണ്. കുമ്പളങ്ങിയിൽ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ വാർഡിലുള്ള മൂന്നുരോഗികൾക്ക് വീട്ടിലുണ്ടാക്കിയ വിഭവസമൃദ്ധമായ ഭക്ഷണം വീടുകളിൽ എത്തിച്ച് തുടങ്ങിയ സത്കർമ്മം ഇന്ന് 150 പേർക്കായി വളർന്നിരിക്കുന്നു. ആദ്യം ചെലവുകൾ സ്വയം വഹിച്ചെങ്കിലും പിന്നീട് താങ്ങാൻ കഴിയാതെയായി. ഇപ്പോൾ പരിസരവാസികളുടേയും സുുഹൃത്തുക്കളുടേയും സഹായത്തോടെ രണ്ടുനേരം ഭക്ഷണം നൽകിവരുന്നു.
ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്രസമിതിയംഗമാണ് റാണിമണി. ഭർത്താവ് ശാസ്താംപറമ്പിൽ മണിയും എല്ലാ പ്രോത്സാഹനവും നൽകുന്നു. മക്കളായ പി.ജി വിദ്യാർത്ഥിനി രേഷ്മയും എൽ.എൽ.ബി വിദ്യാർത്ഥിനി രമ്യയും സഹായത്തിനൊപ്പമുണ്ട്. ഭക്ഷണം അടുക്കളയിൽ ഇവർ തന്നെ പാചകംചെയ്യും. ഭക്ഷണം പൊതിയാനും കൊണ്ടുപോയി കൊടുക്കാനും നിരവധി സുഹൃത്തുക്കൾ ഇവരോടൊപ്പമുണ്ട്. കഴിഞ്ഞ ഒന്നര മാസമായി ഇത് നടന്നുവരുന്നു. കാൻസർ രോഗികൾ, അഗതികൾ എന്നിവർക്കും ഭക്ഷണം നൽകുന്നുണ്ട്. 5 കിലോ അരി വീതം ഓരോ വീടുകളിൽ എത്തിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
സുഹുത്തുക്കളായ വില്യംസ്, സുരേഷ്, ജോജി, ജോബി, കുക്കു, സാബു, ലിൻസൻ, ജസ്റ്റിൻ, പുത്തൻപുരക്കൽ സാബു, ടി.സി. ജോജി എന്നിവരും പഞ്ചായത്തും റാണി മണിക്ക് പിന്തുണയുമായി ഒപ്പമുണ്ട്.