കൊച്ചി: കേരളത്തിലെ സർവകലാശാലകൾ ബിരുദ, ബിരുദാനന്തര പരീക്ഷകൾ മാറ്രിവച്ചത് തങ്ങളെ ബുദ്ധിമുട്ടിലാക്കിയതായി ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർത്ഥികൾ. ഇതു സംബന്ധിച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ലക്ഷദ്വീപ് സ്റ്റുഡന്റ് കളക്ടീവ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ കേരളത്തിലുണ്ട്. പരീക്ഷ മാറ്റിവച്ചതിനാൽ ഇവിടെ തുടർന്ന് താമസിക്കേണ്ടി വരുമെങ്കിലും ഹോസ്റ്റൽ സൗകര്യം ലഭിക്കില്ല. വീട് എടുത്തു താമസിച്ചാൽ 5000 രൂപയിൽ അധികമാകും. ഇതിനുള്ള സാമ്പത്തികം തങ്ങൾക്കില്ല. ഇന്റർനെറ്റ് ലഭിക്കാത്തതിനാൽ ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല. ഇതുമൂലം വലിയ മാനസിക സമ്മർദ്ദത്തിലാണെന്നും വിദ്യാർത്ഥികൾ പറയുന്നു.
കഴിഞ്ഞവർഷം കവരത്തിയിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നു. ഈ വർഷം അതുണ്ടായില്ല. ഇക്കാര്യങ്ങൾ പരിഗണിച്ച് ആവശ്യമായ നടപടി എടുക്കണമെന്ന് വിദ്യാർത്ഥികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.